• Tue Jan 14 2025

വനിതാ ടി20 ലോകകപ്പ്; വിൻഡീസിനെ തോൽപിച്ച് ഇന്ത്യയ്ക്ക് രണ്ടാം ജയം

വനിതാ ടി20 ലോകകപ്പ്; വിൻഡീസിനെ തോൽപിച്ച് ഇന്ത്യയ്ക്ക് രണ്ടാം ജയം

കേപ്‌ടൗൺ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. വെസ്റ്റ് ഇൻഡീസ് വനിതകളെ ആറ് വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യയുടെ പെൺപട വിജയം സ്വന്തമാക്കിയത്. 

വിൻഡീസ് മുന്നോട്ടുവച്ച 119 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു. മൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങിയ ദീപ്‌തി ശർമ്മയും ബാറ്റിംഗിൽ ഹർമൻപ്രീത് കൗറും റിച്ച ഘോഷുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. 

ഓപ്പണിങ് കൂട്ടുകെട്ടിൽ ഷെഫാലി വർമ്മയും സ്‌മൃതി മന്ദാനയും ആക്രമിച്ച് കളിച്ചെങ്കിലും ഏഴ് പന്തിൽ 10 റൺസെടുത്ത് മന്ദാന പുറത്തായി. പിന്നാലെ വന്ന ജെമീമ റോഡ്രിഗസിനും തിളങ്ങാനായില്ല. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ അർധ സെഞ്ചുറി നേടിയ ജെമീമയ്ക്ക് ഇത്തവണ അഞ്ച് പന്തിൽ ഒരു റൺസ് മാത്രമേ നേടാനായുള്ളൂ. അധികം താമസിക്കാതെ 23 പന്തിൽ 28 റൺസെടുത്ത ഷെഫാലിയും പുറത്തായി. ഇതോടെ 7.1 ഓവറിൽ 43-3 എന്ന നിലയിലായിരുന്നു ഇന്ത്യ. 

നാലാം വിക്കറ്റിൽ ഒന്നിച്ച ഹർമൻപ്രീത് കൗർ-റിച്ച ഘോഷ് സഖ്യമാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. വിജയം നേടുന്നതിന് നാല് റൺസ് അകലെയാണ് ഹർമൻ പുറത്തായത്. 42 പന്തിൽ നിന്ന് 33 റൺസാണ് താരം നേടിയത്. റിച്ച 32 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. 40 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത സ്റ്റെഫാനി ടെയ്‌ലറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. 30 റണ്‍സെടുത്ത ഷെമാനി ക്യാംബെല്ലെയും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ നേടിയ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിന്‍ഡീസിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

അപകടകരമാകുമായിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ച് ദീപ്തി ശര്‍മ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ക്യാംബെല്ലിനെ ആദ്യം പുറത്താക്കിയ ദീപ്തി പിന്നാലെ സ്റ്റെഫാനിയെയും പറഞ്ഞയച്ചു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഷബിക ഗജ്‌നാബിയും ചെഡിയാന്‍ നേഷനും ചേര്‍ന്നാണ് ടീം സ്‌കോര്‍ 100 കടത്തിയത്. എന്നാല്‍ 15 റണ്‍സെടുത്ത ഷബികയെ ക്ലീന്‍ ബൗള്‍ഡാക്കി രേണുക സിങ് ഈ കൂട്ടുകെട്ട് തകര്‍ത്തു.

പിന്നാലെ വന്ന എഫി ഫ്‌ലെച്ചറെ ക്ലീന്‍ ബൗള്‍ഡാക്കി ദീപ്തി ശര്‍മ ചരിത്രനേട്ടം കുറിച്ചു. ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് വേണ്ടി 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം എന്ന റെക്കോഡ് ദീപ്തി സ്വന്തമാക്കി. 21 റണ്‍സുമായി നേഷനും രണ്ട് റണ്‍സുമായി റഷാദ വില്യംസും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. രേണുക സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ ദിവസം പാകിസ്താനെതിരായ മത്സരത്തിലും ജയം ഇന്ത്യക്കായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.