ലൈഫ് മിഷന്‍: ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും; അന്വേഷണം ഉന്നതരിലേക്ക്

ലൈഫ് മിഷന്‍: ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും; അന്വേഷണം ഉന്നതരിലേക്ക്

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ശിവശങ്കറിന്റെ അറസ്റ്റോടെ അന്വേഷണം നീങ്ങുന്നത് സർക്കാരിലെ ഉന്നതരിലേക്ക്. ലൈഫ് മിഷൻ സർക്കാരിന്റെ പദ്ധതി ആയതിനാലും ചെയർമാൻ മുഖ്യമന്ത്രി ആയതിനാലും സ്വർണക്കടത്ത് കേസിലേതുപോലെ കൈകഴുകി മാറി നിലക്കാൻ സർക്കാരിനൊ പാർട്ടിക്കൊ കഴിയില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരെടുത്ത് പറഞ്ഞുള്ള സ്വപ്നയുടെ ഇന്നലത്തെ വെളിപ്പെടുത്തലും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍. രവീന്ദ്രന്റെ പങ്കിനെക്കുറിച്ചുമുള്ള പരാമർശവുമൊക്കെ സൂചിപ്പിക്കുന്നത് ഉന്നതരിലേക്കുള്ള അന്വേഷണമാണ്. 

സി.എന്‍. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്‍മാരുടേയും പങ്ക് പുറത്താകുമെന്നാണ് സ്വപ്‌ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മകൻ എന്നിങ്ങനെ കുടുംബത്തിന്റെ പങ്കും സ്വപ്നയുടെ വെളിപ്പെടുത്തലിലുണ്ട്. മാത്രമല്ല സർക്കാർ സ്ഥാപനത്തിൽ സ്വപ്നക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റും മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.

സർക്കാർ പദ്ധതി ആയതിനാൽ തന്നെ ലൈഫ് മിഷൻ കേസിൽ ഭരണതലത്തിലെ ആരെവേണമെങ്കിലും ചോദ്യം ചെയ്യാം. ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്താം. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാം. പേഴ്സണൽ സ്റ്റാഫിലേക്കും അതു നീണ്ടേക്കാം. ഇതിലക്കുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കയ്യിലുള്ള വഴി ശിവശങ്കറാണ്. സർവീസിൽനിന്ന് വിരമിച്ചതിനാൽ ശിവശങ്കറിന്റെ ബാധ്യത ഇപ്പോൾ സർക്കാർ ഏറ്റെടുക്കുന്നില്ലെങ്കിലും ഇ.ഡി. ലക്ഷ്യമിടുന്നത് എന്താകുമെന്ന ആശങ്ക സർക്കാരിനും സിപിഎമ്മിനുമുണ്ട്.

സ്വർണക്കടത്ത് കേസിൽ തുടങ്ങി വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെത്തിയ അന്വേഷണ പരമ്പരയാണ് കേന്ദ്ര ഏജൻസികൾ മൂന്നുവർഷമായി നടത്തുന്നത്. കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് അന്വേഷണ ഏജൻസികളിലൂടെ നടപ്പാക്കുന്നതെന്ന പ്രചാരണം ജനങ്ങളിലേക്കെത്തിച്ച് എൽ.ഡി.എഫും സർക്കാരും ഇതിനെ നേരിട്ടു. എന്നാൽ ശിവശങ്കറിനും സർക്കാരിനുമെതിരായി സ്വപ്നാ സുരേഷ് വഴങ്ങാതെ പൊരുതിയതിന്റെ അലയൊലികളാണ് ഇപ്പോൾ അറസ്റ്റിലെത്തിനിൽക്കുന്നത്.

അടുത്ത ലക്ഷ്യം ആരാണെന്ന് സ്വപ്ന തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേരെയാണ് ആരോപണങ്ങൾ. സി.എന്‍ രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടേയും മകള്‍ വീണയുടേയും യുഎഇയില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്ന മകന്റെ പങ്കും പുറത്ത് വരുമെന്നാണ് സ്വപ്ന പറയുന്നു. യുഎഇയിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണെന്നുമാണ് സ്വപ്നയുടെ  വെളിപ്പെടിത്തൽ. സ്വപ്ന ചൂണ്ടിക്കാട്ടിയ വഴിയിലേക്ക് ഇ.ഡി.യോ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളോ ഇറങ്ങിയാൽ സർക്കാരിനും പാർട്ടിക്കും അത് കടുത്ത വെല്ലുവിളിയാകും.

ലൈഫ് മിഷൻ കേസിൽ ഒമ്പതാം പ്രതി ശിവശങ്കറിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ചോദ്യങ്ങളോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച് ശിവശങ്കറിനെതിരായ കണ്ടെത്തലുകളിൽ വ്യക്തത വരുത്തുക എന്നതാണ് ഇ.ഡിക്ക് മുന്നിലുള്ള കടമ്പ. കേസിൽ യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമുൾപ്പെടെ ഒമ്പതോളം പ്രതികളാണ് നിലവിലുള്ളത്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. 

അതേ സമയം മുൻ എം.എൽ.എ അനിൽ അക്കരയുടെയുടെ പരാതിയിൽ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്. അഴിമതി നിരാേധന നിയമപ്രകാരമാണ് സി.ബി.ഐയുടെ അന്വേഷണം. വിദേശ സംഭാവന സ്വീകരിക്കൽ നയതന്ത്ര നിയമം ലംഘിക്കൽ ഗൂഢാലോചന തുടങ്ങിയവയും അന്വേഷണ പരിധിയിലുണ്ട്. 

കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കറാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കോഴപ്പണം കൈമാറിയതിനു പിന്നാലെ ശിവശങ്കറിനെ കമ്പനിയുടമ സെക്രട്ടേറിയറ്റിലെത്തി കണ്ടശേഷമാണ് കരാർ ലഭിച്ചത്. ശിവശങ്കറിനുള്ള കോഴയായി ഒരുകോടിരൂപ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദാണ് സ്വപ്നയ്ക്ക് നൽകിയതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കലടക്കം അധോലോക ഇടപാടുകൾ കേസിൽ നടന്നിട്ടുണ്ടെന്നും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.