പാബ്ലോ നെരൂദയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് വിദഗ്ധര്‍; സത്യം പുറത്തുവരാന്‍ അര നൂറ്റാണ്ടിന്റെ അന്വേഷണം

പാബ്ലോ നെരൂദയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് വിദഗ്ധര്‍; സത്യം പുറത്തുവരാന്‍ അര നൂറ്റാണ്ടിന്റെ അന്വേഷണം

സാന്‍ഡിയാഗോ: ലോക പ്രശസ്ത ചിലിയന്‍ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊന്നതെന്ന് സ്ഥിരീകരണം. നെരൂദയുടെ അനന്തരവന്‍ റൊഡൊള്‍ഫോ റെയ്‌സിന്റേതാണ് വെളിപ്പെടുത്തല്‍. ഡാനിഷ്, കനേഡിയന്‍ ലാബുകളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനകളില്‍ നെരൂദയുടെ ശരീരത്തില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനത്തിന്റെ ഉയര്‍ന്ന സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അഭിഭാഷകന്‍ കൂടിയായ റൊഡൊള്‍ഫോ പറയുന്നു.

മനുഷ്യ ശരീരത്തിലെ നാഡീ വ്യവസ്ഥയെ തകര്‍ത്ത് മരണത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള ന്യൂറോ ടോക്‌സിനാണിത്. പ്രോസ്റ്റേറ്റ് കാന്‍സറല്ല നെരൂദയുടെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, റൊഡൊള്‍ഫോയുടെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന, കാനഡ, ഡെന്‍മാര്‍ക്ക്, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പരിശോധനയുടെ ഫലം ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ട് തവണയാണ് കണ്ടെത്തല്‍ പുറത്തുവിടുന്നത് തടസപ്പെട്ടത്.

1973 സെപ്തംബര്‍ 23ന് 69 ാം വയസിലാണ് നെരൂദ മരിച്ചത്. കാന്‍സര്‍ സങ്കീര്‍ണതകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായെന്നായിരുന്നു വിശദീകരണമെങ്കിലും അദ്ദേഹത്തെ വിഷം കുത്തിവച്ച് കൊന്നതാണെന്ന് ആരോപണമുയര്‍ന്നു. സുഹൃത്തും ജനാധിപത്യ മാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവുമായ പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അഗസ്റ്റോ പിനോഷെ ചിലിയുടെ ഭരണം പിടിച്ചെടുത്ത് 12 ദിവസം കഴിഞ്ഞായിരുന്നു നെരൂദയുടെ മരണം.

മരണത്തിന് തൊട്ടുമുന്നേ കാന്‍സര്‍ ബാധയെ തുടര്‍ന്ന് നെരൂദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും പിനോഷെയുടെ നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍ നെരൂദയ്ക്ക് ഒരു അജ്ഞാത മരുന്ന് കുത്തിവച്ചെന്ന് സംശയം ഉയര്‍ന്നിരുന്നു.

പ്രോസ്റ്റേറ്റ് അര്‍ബുദവും പോഷകാഹാരമില്ലായ്മയുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. മരണത്തിനു രണ്ടുദിവസംമുമ്പ് ഏതാണ്ട് 100 കിലോഗ്രാമായിരുന്നു കവിയുടെ തൂക്കമെന്നിരിക്കെയായിരുന്നു ഈ വാദം.

മരണ കാരണം കണ്ടെത്താന്‍ 2013 ല്‍ നെരൂദയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അസ്ഥികളില്‍ വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയില്ലെന്ന് പറയുന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും ഡ്രൈവറും ആവശ്യപ്പെട്ടിരുന്നു. നെരൂദയുടെ മരണത്തിന് മൂന്നാമതൊരാള്‍ കാരണമായിരിക്കാന്‍ ഇടയുണ്ടെന്ന് 2015 ല്‍ ചിലിയന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.