ക്വീൻസ്‌ലാന്റ്: ക്വീൻസ്‌ലാന്റിൽ 61 ഡിഗ്രി താപനിലയുള്ള കാറിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ചൂടേറ്റ് മരിച്ച സംഭവത്തിൽ അമ്മയ്‌ക്ക് ശിക്ഷ വിധിച്ച് കോടതി. ഉരുകുന്ന ചൂടിൽ തന്റെ പെൺമക്കളെ അശ്രദ്ധമായി കാറിൽ ഉറങ്ങാൻ വിട്ട്, അമ്മ പുറത്ത് പോയതോടെ മക്കൾ മരിച്ച സംഭവത്തിലാണ് യുവതിയ്ക്ക് ഒമ്പത് വർഷം കോടതി തടവിന് വിധിച്ചത്. ലോഗനിലെ വാട്ടർഫോർഡ് വെസ്റ്റ് സ്വദേശിയായ കെറി ആൻ കോൺലിയായ്ക്കാണ് നരഹത്യ കുറ്റം ചുമത്തി ബ്രിസ്ബേൻ സുപ്രീം കോടതി ശിക്ഷ വിധിച്ചത്.
ദാരുണ സംഭവം നടന്ന സമയത്ത് തന്റെ പെൺമക്കളുടെ ഏക സംരക്ഷകയെന്ന നിലയിൽ കോൺലി "ഗുരുതരമായ അവഗണന" തന്റെ മക്കളോട് കാണിച്ചിരുന്നു. മാത്രമല്ല കുട്ടികളെ കാറിൽ ഉപേക്ഷിക്കാനുള്ള "ക്ഷമിക്കാനാവാത്ത" തീരുമാനമെടുത്തിരുന്നുവെന്നും ജസ്റ്റിസ് പീറ്റർ ആപ്പിൾഗാർത്ത് പറഞ്ഞു.
2019 നവംബർ 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം കോൺലി തന്റെ പെൺമക്കളായ രണ്ടര വയസുകാരി ഡാർസി-ഹെലൻ, 18 മാസം പ്രായമുള്ള ക്ലോ-ആൻ എന്നിവരെ തന്റെ സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. പിറ്റേന്ന് പുലർച്ചെ നാലുമണിയോടെ വീട്ടിലേക്ക് മടങ്ങി.
പിന്നീട് കുട്ടികളെ ഉണർത്താൻ ആഗ്രഹിക്കാത്തതിനാൽ കോൺലി അവരെ കാറിന്റെ സീറ്റിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് ഉറങ്ങാൻ പോവുകയായിരുന്നു. തീർച്ചയായും ന്യായീകരിക്കാൻ കഴിയാത്ത കാരണത്താലാണ് മക്കളെ കാറിൽ തനിയെ ഉറങ്ങാൻ വിടാൻ തീരുമാനിച്ചത്. ഇത് ഒരു ആകസ്മികമായ വീഴ്ചയായിരുന്നില്ലെന്ന് ആപ്പിൾഗാർത്ത് പറഞ്ഞു.
കാർ തണലില്ലാതെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഉപേക്ഷിച്ചത്. വാതിലുകൾ അടയ്ക്കുകയും ഗ്ലാസ്സുകൾ പൂർണമായും കയറ്റിവെയ്ക്കുകയും ചെയ്തു.. ഇതേ തുടർന്ന് രാവിലെ 10.30 ഓടെ കാറിലെ താപനില 61.5 ഡിഗ്രി വരെയെത്തി.
യുവതി തന്റെ മക്കളെ ശ്രദ്ധിക്കുകയോ കേൾക്കുകയോ ഇരുട്ടിൽ നിരീക്ഷിക്കുകയോ ചെയ്തില്ലെന്നും ആപ്പിൾഗാർത്ത് വ്യക്തമാക്കി. പുലർച്ചെ 5 മണിക്ക് സൂര്യൻ ഉദിച്ചു. എന്നാൽ കുട്ടികൾ കരയുകയാണോ അതോ അവർക്ക് എന്തെങ്കിലും വിഷമമുണ്ടോയെന്ന് യുവതി പരിശോധിച്ചില്ല. പുലർച്ചെ 5.55 വരെ യുവതി ഫോൺ ഉപയോഗിച്ചതിന് തെളിവുകൾ ഉണ്ട്.
മണിക്കൂറുകളോളം കുട്ടികൾ കാറിനുള്ളിൽ കഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അവരുടെ അമ്മ ചിന്തിക്കാത്തത് സഹിക്കാൻ കഴിയുന്നില്ലെന്നും ആപ്പിൾഗാർത്ത് വിശദീകരിച്ചു. കാറിലെ ചൂടിനെ തുടർന്ന് മരിച്ച കുട്ടികളുടെ ചർമ്മത്തിൽ കുമിളകൾ ഉണ്ടായിരുന്നു, അവർക്ക് നിർജ്ജലീകരണം സംഭവിച്ചു.
കോൺലി കാറിൽ തിരിച്ചെത്തിയപ്പോൾ കുട്ടികളെ മരിച്ച നിലയിൽ കാണുകയും കാറിൽ നിന്ന് പുറത്തെടുത്ത് തന്റെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് അവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
പിന്നീട് യുവതി കുട്ടികളുടെ പിതാവ് പീറ്റർ ജാക്‌സണെയും ഒപ്പം ആംബുലൻസും വിളിച്ചു വരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചവരോട് താൻ ഉറങ്ങിപ്പോയി എന്ന് പറഞ്ഞു. തുടർന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവതി നടന്ന സംഭവങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ ബോധിപ്പിക്കുകയും ചെയ്തു.
വീട്ടിൽ തിരച്ചിൽ നടത്തിയ പോലീസ് കഞ്ചാവും മയക്കുമരുന്ന് വലിക്കുന്ന പൈപ്പും കണ്ടെത്തി. ഇത് കൈവശം വച്ചതിനും കോൺലി ഈ ആഴ്ച കുറ്റസമ്മതം നടത്തിയിരുന്നു. തന്റെ പെൺമക്കളുടെ മരണത്തിന്റെ തലേദിവസം മയക്കുമരുന്നായ മെത്താംഫെറ്റാമൈൻ ഉപയോഗിച്ചതായും പിറ്റേന്ന് വീട്ടിൽ എത്തിയപ്പോൾ ബോധരഹിതയായതായും സമ്മതിച്ചിരുന്നു.
തനിക്ക് ആവശ്യമായ പിന്തുണയില്ലാതെ തളർന്നുപോയ അവിവാഹിതയായ അമ്മയാണ് താനെന്ന് പോലീസിനോട് കോൺലി പറഞ്ഞു.
സംഭവത്തെ തുടർന്ന് കോൺലി കുറ്റബോധം നിമിത്തം കസ്റ്റഡിയിൽ വലിയ വിഷാദരോഗവും മാനസിക സമ്മർദവും ഉള്ളതായി കാണപ്പെട്ടുവെന്നും പോലീസ് പറയുന്നു. അതിന്റെ ഫലമായി യുവതി തുടർച്ചയായി പേടിസ്വപ്നങ്ങൾ കാണുകയും അവൾ "കഴിക്കുന്ന ഭക്ഷണം ജീവനോടെയുള്ളതാണെന്ന് " തോന്നുകയും ചെയ്യാറുണ്ടായിരുന്നു.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് കോൺലി ഏകദേശം മൂന്ന് വർഷവും മൂന്ന് മാസവും റിമാൻഡിൽ ചെലവഴിച്ചു. ഈ കാലയളവ് ശിക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.