പാട്ന: 2024 ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ വിജയ ഫോര്‍മുല വ്യക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കണമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
'യുണൈറ്റഡ് ഫ്രണ്ടിന്' ബി.ജെ.പിയുടെ സീറ്റ് നില നൂറില്‍ താഴെയാക്കി നിര്‍ത്താനാകുമെന്നും നിതീഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു. പാട്നയില്‍ സംഘടിപ്പിച്ച സി.പി.ഐ.എമ്മിന്റെ പതിനൊന്നാമത് ജനറല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു നിതീഷ് കുമാറിന്റെ ആഹ്വാനം. നിതീഷ് കുമാറിന്റെ ഡെപ്യൂട്ടി തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് പെട്ടെന്നു തന്നെ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ എന്റെ നിര്‍ദേശം അംഗീകരിച്ച് ഒരുമിച്ച് പോരാടുകയാണെങ്കില്‍ ബി.ജെ.പിയെ നൂറിന് താഴെ സീറ്റില്‍ ഒതുക്കാനാവും. പക്ഷെ നിങ്ങളെന്റെ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ക്ക് അറിയാമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. തനിക്ക് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമില്ല. ആ സ്ഥാനത്തേയ്ക്കുള്ള മത്സരാര്‍ത്ഥിയല്ല.
രാജ്യത്തെ ഒന്നിച്ചുചേര്‍ക്കണമെന്നത് മാത്രമാണ് തന്റെ അഭിലാഷം. വിദ്വേഷം പരത്തുന്ന ആളുകളില്‍ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കണം. തനിക്ക് വേറൊന്നും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.ജെ.ഡിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ 2024 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കരുക്കള്‍ നീക്കുകയാണ് നിതീഷ് കുമാര്‍. ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ നിരവധി തവണ ശ്രമിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്താല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാകുമെന്ന് കഴിഞ്ഞ വര്‍ഷവും അദ്ദേഹം പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.