വിവാദങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ തുടക്കം

വിവാദങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: വിവാദങ്ങളും അവ ആയുധമാക്കി എതിരാളികള്‍ നടത്തുന്ന രാഷ്ട്രീയ ക്രമണങ്ങളും സി.പി.എമ്മിനെ വലയ്ക്കുന്നതിനിടെ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സംസ്ഥാന ജനകീയ പ്രതിരോധ ജാഥ നാളെ കാസര്‍കോട്ട് തുടങ്ങും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനവും കോര്‍പ്പറേറ്റ് വര്‍ഗീയവത്കരണവും തുറന്നുകാട്ടാനും കേരളസര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും ആസൂത്രണം ചെയ്തതാണ് ജാഥയെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യമാണ്.

ബഡ്ജറ്റിലെ ഇന്ധനസെസ്, നികുതി നിര്‍ദ്ദേശങ്ങളിലെ പ്രതിപക്ഷ പ്രതിഷേധം, സ്വര്‍ണക്കടത്ത് വിവാദം വീണ്ടും പുകയുന്നതും കണ്ണൂരില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളും സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. ഇതെല്ലാം സൃഷ്ടിച്ച രാഷ്ട്രീയ വെല്ലുവിളികള്‍ പ്രതിരോധിക്കുക ജാഥയില്‍ സി.പി.എമ്മിന് പ്രധാന ജോലിയാകും.

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ജാഥ നാളെ വൈകിട്ട് കുമ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം എം.വി. ഗോവിന്ദന്‍ നയിക്കുന്ന ആദ്യ സംസ്ഥാന ജാഥയാണ്. പി.കെ. ബിജു മാനേജരും എം. സ്വരാജ്, സി.എസ്. സുജാത, ജെയ്ക് സി. തോമസ്, കെ.ടി. ജലീല്‍ എന്നിവര്‍ അംഗങ്ങളുമാണ്. യുവനിരയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് ജാഥ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.