ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; രാജ്യ തലസ്ഥാനത്ത് ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ആരംഭിച്ചു

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; രാജ്യ തലസ്ഥാനത്ത് ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം ആരംഭിച്ചു

ന്യൂഡല്‍ഹി: ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ വിവിധ ക്രൈസ്ത സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രാജ്യ തലസ്ഥാനത്ത് ആരംഭിച്ചു. ഡല്‍ഹി ജന്തര്‍മന്ദറില്‍ രാവിലെ 11.30 ന് ആരംഭിച്ച പ്രതിഷേധത്തില്‍ 79 ക്രൈസ്തവ സംഘടനാ പ്രതിനിധികളും സഭാ മേലധ്യക്ഷന്മാരും അല്‍മായരും പങ്കെടുക്കുന്നുണ്ട്.



ഡല്‍ഹി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ്, വികാരി ജനറല്‍ വര്‍ഗീസ് വിനയാനന്ദ്, ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് മൈക്കിള്‍ വില്യംസ്, വക്താവ് ഡോ.ജോണ്‍ ദയാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണം 150 ശതമാനം വര്‍ധിച്ചെന്ന് പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി. ഉച്ചകഴിഞ്ഞ് 4.30 വരെയാണ് പ്രതിഷേധം.



അക്രമങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനങ്ങളില്‍ എസ്ഐടി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുക, ആള്‍ക്കൂട്ട ആക്രമണ ഭീഷണി നേരിടുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുക, അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ രാഷ്ട്രീയസാമൂഹിക ഗ്രൂപ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക, നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ക്ക് സംയുക്ത സമര സമിതി നിവേദനം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26