ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാനും 'പീസ് മേക്കർ' (സമാധാന നിർമ്മാതാവ്) എന്നും അറിയപ്പെട്ടിരുന്ന ബിഷപ്പ് ഡേവിഡ് ഒ കോണൽ വെടിയേറ്റ് കൊല്ലപ്പെട്ടു. വർഷങ്ങളായി രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ദീർഘകാലമായി അതിരൂപതയിലെ കുടിയേറ്റക്കാർ, ദരിദ്രർ, സൗത്ത് ലോസ് ഏഞ്ചൽസില്‍ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവരുടെ ഇടയിലെ സേവനത്തിലൂടെ അദ്ദേഹം പ്രസിദ്ധനായിരുന്നു.
45 വർഷത്തെ സഭയിൽ വൈദികനും പിന്നീട് ബിഷപ്പും ആയിരുന്ന സഹായ മെത്രാൻ ഡേവിഡ് ഒ കോണലിന്റെ അപ്രതീക്ഷിതമായി മരണത്തിൽ ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് ദുഃഖമറിയിച്ചു. "ആഴമായ പ്രാർത്ഥനയിൽ നിലകൊണ്ട വ്യക്തിയായിരുന്നു" ബിഷപ്പ് കോണലെന്നും ആർച്ച് ബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
ദരിദ്രരോടും കുടിയേറ്റക്കാരോടും പ്രത്യേക അനുകമ്പ പ്രകടിപ്പിക്കുന്ന ഒരു സമാധാന നിർമ്മാതാവായിരുന്നു അദ്ദേഹം. ഓരോ മനുഷ്യന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി അദ്ദേഹം കഠിനമായി പ്രയത്നിച്ചിരുന്നുവെന്നും ആർച്ച് ബിഷപ്പ് ഗോമസ് വിശദീകരിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളിലാണ് മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
2015 ൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് 61 കാരനായ കോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വർഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചൽസില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ബിഷപ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.