ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും; അഹമ്മദാബാദില്‍ ടെസ്റ്റ് മത്സരം കാണും

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും; അഹമ്മദാബാദില്‍ ടെസ്റ്റ് മത്സരം കാണും

കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. മാര്‍ച്ച് എട്ടിന് ഇന്ത്യയിലെത്തുന്ന ആല്‍ബനീസി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. അടുത്ത ദിവസം അഹമ്മദാബാദില്‍ ഇന്ത്യ - ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കാണാനുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മേയില്‍ അധികാരമേറ്റ ശേഷമുള്ള ആല്‍ബനീസിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

'ഉഭയകക്ഷി സന്ദര്‍ശനത്തിനായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്ഷണത്തിന് പ്രധാനമന്ത്രി മോഡിക്ക് നന്ദി' - സന്ദര്‍ശനം സ്ഥിരീകരിച്ച് അല്‍ബനീസി പറഞ്ഞു.

'നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാകുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ഏറെ പ്രധാനമാണ്. സുരക്ഷാ മേഖലയിലും അത് ശക്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ആന്റണി ആല്‍ബനീസി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫിജിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തിയ ജയശങ്കര്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക സന്ദേശം ആല്‍ബനീസിക്ക് കൈമാറി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വിവിധ മേഖലകളില്‍ തുടരുന്ന ഉഭയകക്ഷി ബന്ധവും സഹകരണവും സിഡ്‌നിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചര്‍ച്ച ചെയ്തു.

ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായി ചര്‍ച്ച നടത്തിയ ജയശങ്കര്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഒപ്പോടു കൂടിയ ക്രിക്കറ്റ് ബാറ്റ് പെന്നിക്ക് സമ്മാനിച്ചു. പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ്, ഊര്‍ജ - കാലാവസ്ഥാ വ്യതിയാന മന്ത്രി ക്രിസ് ബ്രൗണ്‍ തുടങ്ങി ഓസ്‌ട്രേലിയയിലെ മറ്റ് ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ജയശങ്കര്‍ ജി - 20, ഇന്തോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.