മധുരൈ: തെങ്കാശി പാവൂര്‍ ഛത്രത്ത് മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്. കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാള്‍. ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു. മധുരൈ റെയില്‍വേ സ്പെഷ്യല്‍ പൊലീസ് ടീമാണ് ഇയാളെ പിടികൂടിയത്.
തമിഴ്നാട് തെങ്കാശിക്ക് സമീപം റെയില്‍വേ ഗേറ്റിലെ ഗാര്‍ഡ് റൂമില്‍ രാത്രി ഒറ്റയ്ക്കായിരുന്ന മലയാളിയായ വനിതാ ഗേറ്റ് കീപ്പര്‍ക്ക് നേരെയാണ് മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് വീഴ്ത്തിയശേഷം പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ഫോണ്‍ റിസീവറെടുത്ത് തലയ്ക്കടിച്ചു. ചവിട്ടിവീഴ്ത്തി ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു..
തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയ കൊല്ലം സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവ സമയം അനീഷ് കാക്കി പാന്റ്‌സ് മാത്രമാണ് ധരിച്ചിരുന്നത്. തെങ്കാശിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാവൂര്‍ ഛത്രം റെയില്‍വേ ഗേറ്റില്‍ വ്യാഴാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. ഗാര്‍ഡ് റൂമില്‍ മൊബൈലില്‍ നോക്കിയിരിക്കെ, പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തതോടെ ക്രൂരമായി ആക്രമിച്ചു. സ്വര്‍ണാഭരണങ്ങളാണ് ആവശ്യമെങ്കില്‍ തരാമെന്ന് യുവതി പറഞ്ഞെങ്കിലും അതല്ല വേണ്ടതെന്ന് പറഞ്ഞായിരുന്നു അക്രമം.
ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്ന് ചവിട്ടിവീഴ്ത്തി ട്രാക്കിലൂടെ വലിച്ചിഴച്ചു. അതിനിടെ രക്ഷപ്പെട്ട് തൊട്ടടുത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. റെയില്‍വേ ഗേറ്റില്‍ നിന്ന് 500 മീറ്റര്‍ അകലെ ഛത്രം റെയില്‍വേ സ്റ്റേഷന് സമീപത്തെ വാടകവീട്ടിലാണ് യുവതി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്.
റെയില്‍വേ സ്റ്റേഷന് സമീപത്തെ ഗേറ്റുകളില്‍ ട്രാഫിക് വിഭാഗം ജീവനക്കാരെയും തുടര്‍ന്നുള്ള ഗേറ്റുകളില്‍ എന്‍ജിനിയറിങ് വിഭാഗത്തിലുള്ളവരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഛത്രം സ്റ്റേഷനിലെ ട്രാഫിക് വിഭാഗത്തിലെ അഞ്ച് ജീവനക്കാരും സ്ത്രീകളാണ്. അതിനാല്‍ രാത്രി ഡ്യൂട്ടി ഒഴിവാക്കാനാവില്ല. പുരുഷന്മാര്‍ക്ക് രാത്രി ഡ്യൂട്ടി നല്‍കുന്ന തരത്തില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉണ്ടെങ്കിലും നടപ്പായിട്ടില്ല.
അതേസമയം ഗേറ്രുകളില്‍ രാത്രി ഒറ്റയ്ക്ക് ഡ്യൂട്ടി നോക്കുന്ന വനിതകള്‍ ഭയന്നുവിറച്ചാണ് നേരം വെളുപ്പിക്കുന്നതെന്നാണ് പരാതി. പല റെയില്‍വേ ഗേറ്റുകളുടെയും ഏറെ അകലെ മാത്രമാണ് ജനവാസമുള്ളത്. അക്രമം ഭയന്ന് പലരും കുടുംബാംഗങ്ങളെ ആരെയെങ്കിലും ഒപ്പം കൂട്ടാറുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.