കേരളപാണിനി എന്ന വ്യാകരണ പ്രതിമ

കേരളപാണിനി എന്ന വ്യാകരണ പ്രതിമ

'ഒന്നിനോടൊന്നു സാദൃശ്യം
ചൊന്നാലുപമയാമത്
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിന്‍മൂലം'
മാതൃഭാഷയുടെ അലങ്കാരങ്ങള്‍, ആദ്യമായി ചൊല്ലിപ്പഠിപ്പിക്കുന്ന ഏതു ഭാഷാ വിദ്യാര്‍ഥിയും ഒരിക്കലും മറക്കില്ല ഉപമയുടെ ഈ ലക്ഷ്യവും ലക്ഷണവും. എന്നാല്‍ മന്നവേന്ദ്രനും ചന്ദ്രനും തമ്മിലുള്ള സാമ്യോക്തിയില്‍ ലയിക്കുമ്പോഴും ഉപമാനവും ഉപമേയവും ഉപമാവാചകവും തരം തിരിക്കുമ്പോഴും നമ്മില്‍ പലരും അറിയുന്നില്ല. ഉപമയും ഉല്‍പ്രേക്ഷയും രൂപകവുമൊക്കെ മലയാളിയെ പഠിപ്പിക്കുന്ന ഭാഷാ ഭൂഷണം എന്ന അലങ്കാര ശാസ്ത്ര ഗ്രന്ഥം രചിച്ചത് കേരള പാണിനി എന്ന എ.ആര്‍. രാജരാജവര്‍മ്മയാണെന്ന്.
മലയാളഭാഷാ പഠനത്തിനുള്ള ആധികാരിക ഗ്രന്ഥങ്ങളായ കേരളപാണിനീയം, വൃത്തമഞ്ജരി ഒരു ഭാഷാഭൂഷണം എന്നിവയുടെ രചനയിലൂടെ അദ്ദേഹം സ്വയമുയര്‍ത്തിയ വ്യാകരണത്തിന്റെ പ്രതിമയായി. സംസ്‌കൃത ഭാഷാശാസ്ത്രജ്ഞനായ പാണിനി അഷ്ടധ്യായി ഉള്‍പ്പെടുന്ന സൂക്തങ്ങളിലൂടെ സംസ്‌കൃത വ്യാകരണത്തിന് ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വചിച്ചതിനു സമാനമായാണ് എ. ആര്‍. കേരളപാണിനീയം രചിച്ചത്. അതിനാല്‍ അദ്ദേഹം കേരള പാണിനി എന്നു വിളിക്കപ്പെടുന്നു.

1883 ഫെബ്രുവരി 20 ന് ചങ്ങനാശേരിയില്‍ ലക്ഷ്മിപുരം കോവിലകത്താണ് എ.ആര്‍ ജനിച്ചത്. കേരള കാളിദാസന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മാതൃസഹോദരീപുത്രിയായിരുന്നു രാജരാജവര്‍മ്മയുടെ അമ്മ. ബാല്യത്തില്‍ത്തന്നെ കണക്കും സംസ്‌കൃതവും വ്യാകരണവും അഭ്യസിച്ച അദ്ദേഹത്തെ 800 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സംസ്‌കൃത പാഠശാലയുടെ ഇന്‍സ്‌പെക്ടറാക്കി. തുടര്‍ന്ന് തിരു വനന്തപുരം മഹാരാജാസ് കോളജിലെ നാട്ടുഭാഷാ സൂപ്രണ്ടായി.

അക്കാലത്ത് കോളജ് അധ്യാപനത്തിനായി തയാറാക്കിയ വ്യാകരണക്കുറിപ്പുകളാണ് പിന്നീട് ആധുനിക മലയാള വ്യാകരണ ത്തിന്റെ അടിസ്ഥാനമായ കേരളപാണിനീയം, വൃത്തമഞ്ജരി, ഭാഷാഭൂഷണം, സാഹിത്യ സാഹ്യം എന്നീ ഗ്രന്ഥങ്ങളായി മാറിയത്.

ആധുനിക മലയാള കവിതയില്‍ സ്വാധീനം ചെലുത്തിയ നിയോക്ലാസിസത്തിനെതിരെ കാല്‍പനികമായ രചനാശൈലി പരീക്ഷിച്ച ആദ്യത്തെ സര്‍ഗപ്രതിഭയാണ് എ.ആര്‍. തന്റെ മാതുലന്റെ പോലും അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ദ്വീതീയാക്ഷര പ്രാസവാദത്തിന്റെ മുനയൊടിച്ച് മലയവിലാസമെന്ന കാവ്യത്തിലൂടെ കവിതയില്‍ ഒരു പൊളിച്ചെഴുത്തിനു നേതൃത്വം നല്‍കിയ വ്യക്തിയാണ് അദ്ദേഹം.

ആശാന്റെ നളിനിക്ക് അദ്ദേഹമെഴുതിയ അവതാരിക കവിതയുടെ പുതിയ വാതിലുകള്‍ മലയാളത്തില്‍ തുറക്കുന്നതായിരുന്നു. മലയാളിയെ പാട്ട് പഠിപ്പിച്ചത് എ.ആര്‍ ആണ്. ദ്രാവിഡ വൃത്തങ്ങളായ നതോന്നത, കേക, മഞ്ജരി, കാകളി തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ ഓരോ മലയാളിയും മനഃപാഠമാക്കിയത് വിദ്യാര്‍ഥി മനസറിയുന്ന ഒരു ഗുരുവിന്റെ ക്രിയാത്മകമായ അവതര 13 മലയാള കൃതികളും ഈ സംസ്‌കൃത രചനകളും ലേഖനങ്ങളും 57 വയസിനുള്ളില്‍ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു.

കേരളപാണിനീയത്തിലെ 'അന്യോന്യം' എന്ന അലങ്കാരത്തിന്റെ ഉദ ഹരണമാണ് ഭാഷയുമായുള്ള ബന്ധത്തില്‍ അദ്ദേഹത്തിനു യോജിക്കുന്നത് എന്നു തോന്നുന്നു.

'പരസ്പരോപകാരം താ-
നാന്യോന്യാഖ്യാലംകൃതി
നിശായാല്‍ ശശി ശോഭിക്കും
ശശിയാല്‍ നിയും തഥാ'

റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഫാ. റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.