പ്യോങ്യാങ്: ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവരെയും പങ്കുവെക്കുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഉത്തര കൊറിയൻ ഭരണകൂടം ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം ശക്തമാക്കുകയും നിരീക്ഷണങ്ങൾ വ്യാപകമാക്കുകയും ചെയ്തു.
സാമ്പത്തിക രംഗത്തും സാമൂഹിക, രാഷ്ട്രീയ രംഗത്തുമുള്ള സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തവിധം ജനങ്ങളെ സർക്കാർ നിയന്ത്രിക്കുന്നു. കിം ജോങ് ഉന്നിന്റെ ഭരണത്തിൻ കീഴിൽ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമായിരിക്കുകയാണെന്നും ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം നടത്തിയ പഠനത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉത്തര കൊറിയൻ ഭരണകൂടം പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം കൂടുതൽ വ്യാപകമായി നടക്കുന്നു. ഉത്തര കൊറിയയിലെ സ്ഥിതിഗതികൾ ഇനിയും തുടർന്നാൽ അവിടുത്തെ ജനങ്ങൾ കൂടുതൽ കഷ്ടപ്പാടുകളും ഭയവും സഹിക്കേണ്ടിവരുമെന്ന് യുഎൻ ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് വോൾക്കർ ടർക്ക് പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉത്തര കൊറിയയിൽ നിന്ന് പലായനം ചെയ്ത 300ലധികം ആളുകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2015 മുതൽ അവതരിപ്പിച്ച നിയമങ്ങൾ പ്രകാരം വിദേശ സിനിമകളും ടിവി സീരിയലുകളും കാണുന്നതും പങ്കുവെക്കുന്നതും മരണശിക്ഷയ്ക്ക് കാരണമാകുന്ന കുറ്റമാണ്.
2020 മുതൽ വിദേശീയ സിനിമകൾ വിതരണം ചെയ്യുന്നവരെ പരസ്യമായി വെടിവെച്ച് കൊല്ലുന്നത് വർധിച്ചിട്ടുണ്ട് എന്ന് പലായനം ചെയ്തവർ യുഎൻ ഗവേഷകരോട് വെളിപ്പെടുത്തി. ഇത് ജനങ്ങളിൽ ഭയം ഉളവാക്കാൻ വേണ്ടിയാണ് ചെയ്യുന്നത്. 2023ൽ രാജ്യം വിട്ട കാങ് ഗ്യൂരിയുടെ മൂന്ന് സുഹൃത്തുക്കളെ ദക്ഷിണ കൊറിയൻ സിനിമകൾ കണ്ടതിന് തൂക്കിക്കൊന്നുവെന്ന് അവർ ബിബിസിയോട് പറഞ്ഞു.
2011ൽ കിം ജോങ് ഉൻ അധികാരത്തിൽ വന്നപ്പോൾ രാജ്യം സാമ്പത്തികമായി മെച്ചപ്പെടുമെന്നും ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുമെന്നും പലായനം ചെയ്തവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ 2019ൽ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് കിം ആണവായുധ പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ജനങ്ങളുടെ ജീവിത സാഹചര്യവും മനുഷ്യാവകാശങ്ങളും മോശമായി. മൂന്ന് നേരം ഭക്ഷണം കഴിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും മിക്ക ആളുകളും അഭിമുഖത്തിൽ വെളിപ്പെടുത്തി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.