റാസല്‍ ഖോറിനേയും നാദ് അല്‍ ഹമറിനെയും ബന്ധിപ്പിക്കുന്ന മേല്‍പാലം തുറന്നു

റാസല്‍ ഖോറിനേയും നാദ് അല്‍ ഹമറിനെയും ബന്ധിപ്പിക്കുന്ന മേല്‍പാലം തുറന്നു

ദുബായ് :ദുബായ് എമിറേറ്റിലെ പ്രധാനപ്പെട്ട മേഖലകളായ റാസല്‍ ഖോറിനേയും നാദ് അല്‍ ഹമറിനെയും ബന്ധിപ്പിക്കുന്ന മേല്‍പാലം തുറന്നു. യാത്രാസമയം കുറയ്ക്കാനും റോഡിലൂടെ സഞ്ചരിക്കാനാകുന്ന വാഹനങ്ങളുടെ ശേഷി ഉയർത്താനും മേല്‍പാലം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. മേല്‍പാലം സഞ്ചാരയോഗ്യമായതോടെ ഇരുമേഖലകളെയും ബന്ധിപ്പിക്കാനുളള യാത്രാസമയം 20 മിനിറ്റില്‍ നിന്ന് 7 മിനിറ്റായി കുറഞ്ഞു. വാഹനശേഷി 10,000 മായി ഉയർന്നു.

ഷെയ്ഖ് റാഷിദ് ബിൻ സായിദ് കോറിഡോർപദ്ധതിയുടെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായാണ് മേൽപ്പാലം തുറന്നത്. ദുബായ്-അൽഐൻ റോഡ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള റാസൽ ഖോർ റോഡിന്‍റെ വീതികൂട്ടൽ, രണ്ട് കിലോമീറ്റർ നീളത്തിൽ പുതിയ പാലങ്ങൾ നിർമിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാനപ്പെട്ട രണ്ട് ഘട്ടങ്ങളെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
ഭാവിയിൽ ഷെയ്ഖ് റാഷിദ് ബിൻ സായിദ് ക്രോസിംഗിന്‍റെ നിർമാണം, നാദ് അൽ ഹമർ, റാസ് അൽ ഖോർ എന്നീ റോഡുകളുടെ ഇന്‍റർസെഷന്‍ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തും.കഴിഞ്ഞ ഡിസംബറിലാണ് ഷെയ്ഖ് റാഷിദ് ബിൻ സായിദ് കോറിഡോർ നവീകരണപദ്ധതി ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.