ലോസ് ഏഞ്ചൽസ് സഹായ മെത്രാന്റെ വെടിയേറ്റുള്ള മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് ദരിദ്രർക്കും കുടിയേറ്റക്കാർക്കും വേണ്ടി പ്രവർത്തിച്ച പിതാവ്

ലോസ് ഏഞ്ചൽസ് സഹായ മെത്രാന്റെ വെടിയേറ്റുള്ള മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് ദരിദ്രർക്കും കുടിയേറ്റക്കാർക്കും വേണ്ടി പ്രവർത്തിച്ച പിതാവ്

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ (69) വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വെടിയേറ്റുണ്ടായ മരണം കൊലപാതകമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അതേസമയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് (LASD) തയാറായിട്ടില്ല.

സഹായ മെത്രാൻ ഡേവിഡ് ഒ കോണലിന്റെ മരണം കൊലപാതകമാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്ന് മനസിലാക്കിയെന്നും ഈ വാർത്തയിൽ അഗാധമായ അസ്വസ്ഥതയും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസ് ഗോമസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ബിഷപ്പ് ഡേവിനും കുടുംബത്തിനും വേണ്ടി നമുക്ക് തുടർന്നും പ്രാർത്ഥിക്കാം. ഈ ഭയാനകമായ കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന നിയമപാലകർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാമെന്നും ആർച്ച് ബിഷപ്പ് ഗോമസ് വിശദീകരിച്ചു.

ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലുള്ള ജാൻലു അവന്യൂവിൽ 1500 ബ്ലോക്കിലെ വീടിനുള്ളിൽ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 2:30) യോടെയായിരുന്നു വെടിവെയ്‌പ്പെന്ന് ഷെരീഫ് വകുപ്പ് അറിയിച്ചു.

നെഞ്ചിൽ വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ വൈദ്യസഹായമെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്ന് എൽഎഎസ്ഡി അറിയിച്ചു.

അയർലൻഡ് സ്വദേശിയായ ഒ'കോണൽ തെക്കൻ ലോസ് ഏഞ്ചൽസ് പ്രദേശത്ത് 45 വർഷമായി കുടിയേറ്റക്കാർക്കും ദരിദ്രർക്കും തോക്കുപയോഗിച്ചുള്ള കൂട്ട അക്രമത്തിന് ഇരയായവർക്കും വേണ്ടി ശുശ്രൂഷ ചെയ്യുകയായിരുന്നു. 2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ ബിഷപ്പാക്കി.
സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ'കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒ'കോണലിന്റെ സുഹൃത്തുക്കളും സഹ ബിഷപ്പുമാരും അദ്ദേഹത്തിന്റെ മരണവാർത്തയോട് ഞെട്ടലോടെയും ദുഃഖത്തോടെയും പ്രതികരിച്ചു.

താൻ അദ്ദേഹത്തെ കണ്ടുമുട്ടിയ നിമിഷം മുതൽ, അദ്ദേഹത്തിന്റെ നന്മ, ദയ, പ്രാർത്ഥന, ഹൃദയ ലാളിത്യം എന്നിവ തന്നെ ആകർഷിച്ചതായി 2015 ൽ ഒ'കോണലിനൊപ്പം ലോസ് ഏഞ്ചൽസിലെ സഹായ മെത്രാനായി നിയമിതനായ ബിഷപ്പ് റോബർട്ട് ബാരൺ ട്വീറ്റ് ചെയ്തു.

"അദ്ദേഹം തന്റെ പൗരോഹിത്യത്തെ ദരിദ്രരെ സേവിക്കുന്നതിനായി സമർപ്പിച്ചു. ക്രിസ്തുവിനെ മറ്റുള്ളവരെ സ്നേഹിക്കുന്ന മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം എന്ന് എനിക്ക് സത്യസന്ധമായി പറയാൻ കഴിയും. അദ്ദേഹത്തിന് നിത്യ ശാന്തി ലഭിക്കട്ടെ" ബിഷപ്പ് ബാരൺ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

നടുക്കുന്ന സംഭവത്തിൽ ദുഖിതരായ തെക്കൻ ലോസ് ഏഞ്ചൽസ് സമൂഹത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്കിൽ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു.

വിവേചനരഹിതമായ ഈ കൊലപാതകം കാരണം സമൂഹം എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബിഷപ്പ് ഒ'കോണൽ അനേകർക്ക് വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സേവന പാരമ്പര്യം അദ്ദേഹം കെട്ടിപ്പടുക്കാൻ സഹായിച്ച സമൂഹത്തിലൂടെ വരും നാളുകളിൽ തുടരും" എന്ന് പ്രസ്താവനയിൽ പറയുന്നു.

ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിന്റെ ഹോമിസൈഡ് ബ്യൂറോയെ (323) 890-5500 എന്ന നമ്പറിൽ ബന്ധപ്പെടമെന്നും നിർദേശമുണ്ട്. സംഭവത്തെ കുറിച്ച് വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന.

കൂടുതൽ വായനയ്ക്ക്....

ലോസ് ഏഞ്ചൽസിന്റെ 'പീസ് മേക്കർ' ബിഷപ്പ് വെടിയേറ്റ് മരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.