ഭൂകമ്പത്തിൽ തകർന്ന തുർക്കിയെ സഹായിക്കാൻ 100 മില്യൺ ഡോളർ വാഗ്‌ദാനം ചെയ്ത് അമേരിക്ക

ഭൂകമ്പത്തിൽ തകർന്ന തുർക്കിയെ സഹായിക്കാൻ 100 മില്യൺ ഡോളർ വാഗ്‌ദാനം ചെയ്ത് അമേരിക്ക

അങ്കാറ: അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് തകർന്ന തെക്കന്‍ തുര്‍ക്കിയെ സഹായിക്കാൻ 100 മില്യൺ ഡോളർ വാഗ്‌ദാനം ചെയ്ത് അമേരിക്ക. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രവിശ്യകളിലൊന്നില്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്തിയ ഹെലികോപ്റ്റര്‍ പര്യടനത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഹതായ്, കഹ്‌റാമൻമാരസ് എന്നീ രണ്ട് പ്രവിശ്യകളിലൊഴികെ മറ്റെല്ലാ ദുരിത ബാധിത പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം അവസാനിച്ച സാഹചര്യത്തിലാണ് സഹായ പാക്കേജിന്റെ പ്രഖ്യാപനം.

ഇത് ഒരു ദീര്‍ഘകാല ശ്രമമായിരിക്കുമെന്ന് ദുരന്ത സഹായ വിതരണം ഏകോപിപ്പിച്ച അമേരിക്ക-ടര്‍ക്കിഷ് സംയുക്ത കേന്ദ്രമായ ഇന്‍സിര്‍ലിക് എയര്‍ ബേസില്‍ ബ്ലിങ്കന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ തിരയലും രക്ഷാപ്രവര്‍ത്തനവും അവസാനിക്കുകയാണ്. വീണ്ടെടുക്കല്‍ നടക്കുന്നു. തുടര്‍ന്ന് ഒരു വലിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം ഉണ്ടാകുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

ഫെബ്രുവരി ആറിന് തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 45,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. അതിജീവിച്ചവരെ രണ്ടാഴ്ചയ്ക്ക് ശേഷം ഇനിയും കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രക്ഷപ്പെട്ട ആരെയും കണ്ടെത്താനായിട്ടില്ല. 14-ാം ദിവസം പ്രവിശ്യകളിലെ 40 ഓളം കെട്ടിടങ്ങളിൽ തിരച്ചിൽ തുടർന്നെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞല്ലെന്ന് തുർക്കി ദുരന്ത ഏജൻസി മേധാവി യൂനുസ് സെസർ പറഞ്ഞു.

ഭൂകമ്പം ഉണ്ടായി ദിവസങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡന്‍ തുര്‍ക്കിക്കും സിറിയയ്ക്കും 85 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നൂറ് മില്യൺ ഡോളർ. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമും മെഡിക്കല്‍ ഉപകരണങ്ങളും അമേരിക്ക അയച്ചിട്ടുണ്ട്.

അധിക സഹായത്തില്‍ 50 മില്യണ്‍ ഡോളറിന്റെ അടിയന്തര അഭയാര്‍ത്ഥി, മൈഗ്രേഷന്‍ ഫണ്ടുകളും 50 മില്യണ്‍ ഡോളര്‍ മാനുഷിക സഹായവും ഉള്‍പ്പെടുന്നുവെന്ന് ബ്ലിങ്കെന്‍ പറഞ്ഞു.

നാറ്റോ വിപുലീകരണത്തിലും മറ്റ് ഞെരുക്കമുള്ള പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചുള്ള ചർച്ചകൾക്കായാണ് ബ്ലിങ്കെൻ തുർക്കിയിലെത്തിയത്. 2021 ൽ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ തുർക്കി സന്ദർശനമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.