ലോസ് ഏഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചലസ് അതിരൂപതയിലെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ കൊലപാതക കേസിൽ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ബിഷപ്പിന്റെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീയുടെ ഭര്‍ത്താവും 65 കാരനുമായ കാർലോസ് മെദീനയെയാണ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഹിസ്പാനിക്ക് വംശജനായ മെദീനയുടെ ഭാര്യ, ബിഷപ്പിന്റെ വസതിയിലെ ജോലിക്കാരിയാണെന്ന് ലോസ് ആഞ്ചലസ് പോലീസ് വകുപ്പ് മേധാവി റോബർട്ട് ലുണ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരിന്നു. മെദീനയും നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും റോബർട്ട് ലുണ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടടുത്ത സമയത്താണ് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ) മെത്രാൻ കൊല ചെയ്യപ്പെടുന്നത്. ഹസിന്താ ഹൈറ്റ്സിലെ വസതിയിൽ ബെഡ്റൂമിലാണ് അദ്ദേഹത്തെ വെടിയേറ്റ നിലയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ലോസ് ഏഞ്ചലസ് അതിരൂപതയിലെ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ
ബിഷപ്പിന്റെ മരണശേഷം മെദീനയുടെ പെരുമാറ്റം വളരെ വിചിത്രവും യുക്തിരഹിതവുമായിരുന്നു. മാത്രമല്ല ബിഷപ്പ് ഡേവിഡ് തനിക്ക് പണം നൽകാൻ ഉണ്ടെന്ന് ഇയാൾ പറഞ്ഞതായി മറ്റൊരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ മെദീനയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും പ്രതി പിന്നീട് പോലീസിന് കീഴടങ്ങി.
കറുത്ത നിറത്തിലുള്ള എസ് യു വി വാഹനത്തില്‍ പ്രതി മെത്രാന്റെ വസതിയിലേക്ക് എത്തുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വളരെ കുറച്ച് സമയം മാത്രമാണ് ആ വാഹനം അവിടെയുണ്ടായിരിന്നത്. കുറ്റാന്വേഷകരുടെ ചോദ്യം ചെയ്യലുമായി മെദീനയുടെ ഭാര്യ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് ലുണ വിശദമാക്കി.
സംഭവസ്ഥലത്ത് അതിക്രമിച്ച് കയറിയതിനോ, മോഷണം നടത്തിയതിനോ തെളിവുകൾ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ വസതിയിൽ നിന്ന് തോക്കുകൾ ഒന്നും കിട്ടിയില്ലെങ്കിലും, മെദീനയുടെ വീട്ടിൽ നിന്നും രണ്ട് തോക്കുകളാണ് പോലീസ് കണ്ടെത്തിയത്. കൊലപാതകത്തിനു വേണ്ടി ഈ തോക്കുകൾ ഉപയോഗിച്ചോയെന്ന് അറിയാൻ പ്രത്യേക പരിശോധനയ്ക്ക് വേണ്ടി തോക്കുകൾ ലബോട്ടറിയിലേക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലോസ് ഏഞ്ചല്‍സ് അതിരൂപതയിലെ 2015 മുതല്‍ സഹമെത്രാനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു 69 കാരനായ ബിഷപ്പ്. ദരിദ്രരോടും കുടിയേറ്റക്കാരോടും അനുകമ്പ കാണിച്ചിരുന്ന ബിഷപ്പ് സമാധാനത്തിന്റെ വക്താവായിരുന്നു.
ഏതൊരു മനുഷ്യന്റെയും അന്തസ്സും പരിശുദ്ധിയും സംരക്ഷിക്കപ്പെടുന്ന, ഓരോ മനുഷ്യനും ബഹുമാനിക്കപ്പെടുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു എന്നായിരുന്നു മരണ വിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ അതിരൂപത വ്യക്തമാക്കുന്നത്.
അയര്‍ലന്‍ഡില്‍ 1953 ല്‍ ജനിച്ച ഒ കോണെലിനെ 2015 ല്‍ ആയിരുന്നു ലോസ് ഏഞ്ചല്‍സിലെ സഹായ മെത്രാനായി പോപ്പ് ഫ്രാന്‍സിസ് നിയമിച്ചത്. ഡുബ്ലിനിലെ ആള്‍ ഹാലോസ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1979 ല്‍ ആയിരുന്നു സഹ വികാരിയായി തന്റെ പൗരോഹിത്യ ജീവിതം ആരംഭിക്കുന്നത്.
കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്ന അദ്ദേഹം ഇന്റര്‍ഡയോസിയന്‍ സതേണ്‍ കാലിഫോര്‍ണിയ ഇമിഗ്രേഷന്‍ ടാസ്‌ക്ഫോഴ്സിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടുതൽ വായനയ്ക്ക്...
ലോസ് ഏഞ്ചൽസ് സഹായ മെത്രാന്റെ വെടിയേറ്റുള്ള മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; കൊല്ലപ്പെട്ടത് ദരിദ്രർക്കും കുടിയേറ്റക്കാർക്കും വേണ്ടി പ്രവർത്തിച്ച പിതാവ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.