തീവ്ര കാലാവസ്ഥയെ നേരിടാൻ കൂടുതൽ പ്രതിരോധശേഷിയോടെ ന്യൂസിലൻഡിനെ പുനർനിർമിക്കണമെന്ന് പ്രധാനമന്ത്രി

തീവ്ര കാലാവസ്ഥയെ നേരിടാൻ കൂടുതൽ പ്രതിരോധശേഷിയോടെ ന്യൂസിലൻഡിനെ പുനർനിർമിക്കണമെന്ന് പ്രധാനമന്ത്രി

വെല്ലിങ്ടൻ: ന്യൂസിലൻഡിൽ ഇടയ്‌ക്കിടെ ഉണ്ടാകുന്ന തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ കൂടുതൽ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളോടെ വേണം രാജ്യത്തെ പുനർനിർമ്മിക്കേണ്ടതെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്.

അടുത്തിടെ ന്യൂസിലൻഡിൽ വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും 11 പേരുടെ ജീവനെടുക്കുകയും ചെയ്ത ഗബ്രിയേൽ ചുഴലിക്കാറ്റിനെ, ഈ ഒരു നൂറ്റാണ്ടിലെ ഏറ്റവും നാശമുണ്ടാക്കിയ പ്രകൃതിദുരന്തമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

കൂടാതെ ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ലൻഡിൽ രണ്ടാഴ്‌ച മുമ്പ് വീശിയടിച്ച ചുഴലിക്കാറ്റിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരൾച്ച എന്നിവയെ നേരിടാൻ കർഷകരെ സഹായിക്കുന്നതിന് 2021-22 സാമ്പത്തിക വർഷത്തിൽ സർക്കാർ ചെലവിൽ ഒമ്പത് മടങ്ങ് വർധനയുണ്ടായതായും ഹിപ്കിൻസ് പറഞ്ഞു.

അടിയന്തര റോഡ് പണി ആവശ്യമായി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ എണ്ണം 2018 ൽ 67 ആയിരുന്നുവെങ്കിൽ 2021 ആയപ്പോഴേക്കും ഒരു വർഷം ശരാശരി 140 ദുരന്തങ്ങൾ എന്ന നിലയിലേക്ക് ഇരട്ടിയായി ഉയർന്നു.

രാജ്യത്തെ എങ്ങനെ പുനർനിർമിക്കാം എന്നത് ഇത്തവണ അൽപ്പം വ്യത്യസ്തമായി ചെയ്യണമെന്ന് മനസിലാക്കുന്നുവെന്നും ഹിപ്കിൻസ് പാർലമെന്റിൽ പറഞ്ഞു. "രാജ്യത്തെ മികച്ച രീതിയിൽ പുനർനിർമ്മിക്കേണ്ടതുണ്ട്, കൂടുതൽ സുരക്ഷിതമായി നിർമ്മിക്കേണ്ടതുണ്ട്" അദ്ദേഹം പറഞ്ഞു.

ന്യൂസിലാൻഡ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ ഇപ്പോൾ ഏവരും നിരന്തരം അനുഭവിക്കുന്നുവെന്നും തീവ്ര പ്രകൃതി ദുരന്തങ്ങൾ കൂടുതൽ സാധാരണവും തീവ്രവും ആകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി സാധാരണ പുനർനിർമ്മാണങ്ങൾ പ്രവർത്തികമാകില്ല. കേടുപാടുകൾ തീർക്കാൻ മാത്രമല്ല, ഭാവിയിൽ ഇത്തരം സംഭവങ്ങളെ ശക്തമായി നേരിടാൻ കൂടുതൽ പ്രതിരോധശേഷി വളർത്തിയെടുക്കാനും കോടിക്കണക്കിന് ഡോളർ അധിക നിക്ഷേപം ആവശ്യമാണ്.

നിലവിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുകയാണ് സർക്കാർ. തിങ്കളാഴ്ച ഉച്ചയ്ക്ക് 250 ഓളം സംസ്ഥാന പാതകളും പ്രാദേശിക റോഡുകളും അടച്ചിരുന്നു. 400 കിലോമീറ്റർ ഹൈവേ ജീവനക്കാർ നന്നാക്കുകയാണെന്ന് ഹിപ്കിൻസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.