സിഡ്‌നി: ലോകം വലിയ പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഓസ്ട്രേലിയ കേന്ദ്രമായുള്ള ക്രോസ് ഡിപ്പന്‍ഡന്‍സി ഇനീഷ്യേറ്റീവ്, കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനം സംബന്ധിച്ച് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് വരാനിരിക്കുന്ന നാളുകള്‍ അത്ര സുഖകരമാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഒന്നിന് പിറകെ ഒന്നായി പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാം.
ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 2,600 സംസ്ഥാനങ്ങള്‍, പ്രവിശ്യകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയുള്ള വിശദമായ പഠനമാണ് ക്രോസ് ഡിപ്പന്‍ഡന്‍സി ഇനീഷ്യേറ്റീവ് നടത്തിയത്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാന അപകട ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, രാജസ്ഥാന്‍, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
കടല്‍ നിരപ്പ് ഉയരല്‍, വെള്ളപ്പൊക്കം, കാട്ടുതീ, ഉഷ്ണ തരംഗം തുടങ്ങിയ അപകട സാധ്യതകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതനുസരിച്ച് 2050 ല്‍ അപകട സാധ്യതയുള്ള 200 പ്രവിശ്യകളില്‍ 114 എണ്ണം ഏഷ്യയില്‍ നിന്നുള്ളതാണ്. അതില്‍ ഇന്ത്യയിലേയും ചൈനയിലേയും സംസ്ഥാനങ്ങള്‍ കൂടുതലാണ്.
ഏറ്റവും അപകട സാധ്യത കൂടുതലുള്ള 50 സംസ്ഥാനങ്ങളില്‍ 80 ശതമാനവും ചൈന, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. ചൈന കഴിഞ്ഞാല്‍ ആദ്യ 50 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ഒമ്പത് സംസ്ഥാനങ്ങള്‍ ഇന്ത്യയിലാണ്. അതിലൊന്നാണ് കേരളം.
ലോകത്തെ എട്ട് വ്യത്യസ്ത കാലാവസ്ഥാ അപകടങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം. ഇതില്‍ ഒന്നാണ് വെള്ളപ്പൊക്കം. അതോടൊപ്പം ചൂട്, കാട്ടുതീ, ഭൂചലനം, കൊടുങ്കാറ്റ്, അതിശൈത്യം എന്നിവയും പാരിസ്ഥിതിക ദുരന്തങ്ങളായി മാറുന്നു.
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ള റിസ്‌ക് ഏരിയയില്‍ 22ാം സ്ഥാനത്താണ് ബിഹാര്‍. ഉത്തര്‍ പ്രദേശ് 25, അസം 28, രാജസ്ഥാന്‍ 32, തമിഴ്നാട് 36, മഹാരാഷ്ട്ര 38, ഗുജറാത്ത് 48, പഞ്ചാബ് 50, കേരളം 52 എന്നിങ്ങനെയാണ് പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലെ സ്ഥാനം.
ലോകമെമ്പാടുമുള്ള നഗരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ കാലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ എന്നിവ അപകടത്തിലാണ്. കൂടാതെ, പ്രധാനപ്പെട്ട ഏഷ്യന്‍ സാമ്പത്തിക കേന്ദ്രങ്ങളില്‍ ബീജിംഗ്, ജക്കാര്‍ത്ത, ഹോ ചി മിന്‍ സിറ്റി, മുംബൈ തുടങ്ങിയ നഗരങ്ങളും ഉള്‍പ്പെടുന്നു.
ഒന്നിലധികം പ്രവിശ്യകളും സംസ്ഥാനങ്ങളുമുള്ള മറ്റ് രാജ്യങ്ങളില്‍ ബ്രസീല്‍, പാകിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവ ഉള്‍പ്പെടുന്നു. യൂറോപ്പില്‍ ലണ്ടന്‍, മിലാന്‍, മ്യൂണിക്ക്, വെനീസ് എന്നീ നഗരങ്ങള്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള സംസ്ഥാനങ്ങളില്‍പ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാവുക ഏഷ്യന്‍ മേഖലയാണന്ന് ക്രോസ് ഡിപ്പന്‍ഡന്‍സി ഇനീഷ്യേറ്റീവ് സിഇഒ രോഹന്‍ ഹാംഡന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വഷളാകുന്നത് ഫലപ്രദമായി തടയാന്‍ സാധിച്ചാല്‍ ഇതില്‍ നിന്നും കരകയറാനാകുമെന്നും അദേഹം പറഞ്ഞു.
കാലാവസ്ഥാ മാറ്റം കാരണം വെല്ലുവിളി നേരിടാന്‍ പോകുന്നതില്‍ നിന്ന് ഒരു സുരക്ഷിത ഇടവും ഇല്ല എന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുള്ള ജോര്‍ജിന വൂഡ്സ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക കേന്ദ്രങ്ങളായി കരുതപ്പെടുന്ന പല നഗരങ്ങളും ഭീഷണി നേരിടുന്നുണ്ട്. ഇത്രയും വിശദമായ രീതിയില്‍ തയ്യാറാക്കുന്ന ആദ്യ റിപ്പോര്‍ട്ടാണിതെന്നും അവര്‍ അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.