ഏകദിന പ്രാര്‍ഥനാ സംഗമം ഒരാഴ്ച്ച പിന്നിട്ടിട്ടും തുടരുന്നു; കെന്റക്കിയില്‍ നടക്കുന്നത് മഹാത്ഭുതം

ഏകദിന പ്രാര്‍ഥനാ സംഗമം ഒരാഴ്ച്ച പിന്നിട്ടിട്ടും തുടരുന്നു; കെന്റക്കിയില്‍ നടക്കുന്നത് മഹാത്ഭുതം

കെന്റകി: ഒരു ദിവസം കൊണ്ട് അവസാനിക്കേണ്ടിയിരുന്ന പ്രാര്‍ഥനാ കൂട്ടായ്മ ഒരാഴ്ച്ച പിന്നിട്ടിട്ടും തുടരുന്നു. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ആസ്ബറി യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് അത്ഭുതകരമായ പ്രാര്‍ഥനാ കൂട്ടായ്മ നടക്കുന്നത്.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കായിട്ടാണ് ഒരു ദിവസത്തെ പ്രാര്‍ഥനാ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇത് തുടര്‍ന്ന് പോകുകയായിരുന്നു. രാപ്പകല്‍ ഭേദമില്ലാതെ, ജനപങ്കാളിത്തം കുറയാതെയാണ് പ്രാര്‍ഥനാ കൂട്ടായ്മ തുടരുന്നത്.

ഫെബ്രുവരി എട്ടിന് ആരംഭിച്ച് അന്നുതന്നെ അവസാനിക്കേണ്ടിയിരുന്നതാണ് കൂട്ടായ്മ. ആസ്ബറി യൂണിവേഴ്സിറ്റിയിലെ ഹഗ്സ് ഓഡിറ്റോറിയം സാക്ഷ്യം വഹിക്കുന്ന ഈ ചരിത്ര നിമിഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെമ്പാടും തരംഗമാകുകയാണിപ്പോള്‍.

ഫെബ്രുവരി എട്ടിന് ക്രമീകരിച്ച പ്രാര്‍ഥനാ സംഗമം ഗാന ശുശ്രൂഷയോടെ വൈകിട്ട് സമാപിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രാര്‍ഥന കഴിഞ്ഞിട്ടും ഏതാനും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാതെ അവിടെ തുടര്‍ന്നതോടെയാണ് പിന്നീട് വന്ന മണിക്കൂറുകളില്‍ പ്രാര്‍ഥനാ സംഗമം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നത്.

പ്രാര്‍ഥന തുടരുന്നുണ്ടെന്നറിഞ്ഞ് സമീപ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികളും ഈ പ്രാര്‍ഥന കൂട്ടായ്മയിലേക്കെത്തി. പ്രാര്‍ഥനയില്‍ പങ്കെടുത്തവരുടെ എണ്ണം ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം മൂവായിരം കവിഞ്ഞെന്നാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. കെവിന്‍ ബ്രൌണ്‍ സാക്ഷ്യപ്പെടുത്തി. വിദ്യാര്‍ഥികളുടെ ബാഹുല്യം മൂലം കോളജ് ചാപ്പലിന് പുറമേ കോളജിലെ മറ്റ് മൂന്നു സ്ഥലങ്ങളില്‍ കൂടി കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടി വന്നു എന്നതും ശ്രദ്ധേയം.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ പ്രാര്‍ത്ഥനാ സംഗമത്തെ കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞതെന്ന് യൂണിവേഴ്സിറ്റി കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് മാര്‍ക്ക്വിറ്റ്വര്‍ത്ത് പറഞ്ഞു. വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

അസ്ബറി റിവൈവല്‍ എന്ന ടാഗോടു കൂടിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വീഡിയോ ടിക് ടോക്കില്‍ 2.44 കോടി ആളുകള്‍ കണ്ടു കഴിഞ്ഞെന്ന് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു തരത്തിലുമുള്ള സമ്മര്‍ധമോ വൈകാരിക ആവേശമോ ഇല്ലാതെ വളരെ ശാന്തതയോടെയാണ് പ്രാര്‍ഥന നടക്കുന്നത്. അവര്‍ ലോകത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്തുപോയ പാപങ്ങളെ പ്രതി പശ്ചാത്തപിക്കുകയും ചെയ്യുന്നു.

അതുപോലെ രോഗ ശാന്തി, സമാധാനം, നീതി എന്നിവയ്ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതെ, ദൈവം നിഗൂഢമായ രീതിയിലാണ് സഞ്ചരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.