പുനസംഘടന: ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ ആലോചനയില്ല; സുധാകരനും സതീശനുമെതിരെ എ, ഐ ഗ്രൂപ്പുകള്‍

പുനസംഘടന: ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ ആലോചനയില്ല; സുധാകരനും സതീശനുമെതിരെ എ, ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കോൺഗ്രസിൽ പുനസംഘടനയുമായി ബന്ധപ്പെട്ട് ഭാരവാഹികളെ നിശ്ചയിക്കുന്ന പ്രക്രീയക്കെതിരെ വിയോജിപ്പുമായി എ, ഐ ഗ്രൂപ്പുകൾ. പാർട്ടിസ്ഥാനങ്ങളിലേക്ക് നേതാക്കളെ നിശ്ചയിക്കുന്നതിൽ കൂടിയാലോചന നടത്തുന്നില്ലെന്നും നിർദേശിക്കുന്നവർക്കല്ല ഭാരവാഹിത്വം നൽകുന്നതെന്നുമാണ് കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരായി ഗ്രൂപ്പുകളുടെ പരാതി. 

പട്ടികയിൽ എ ഗ്രൂപ്പ് മുന്നോട്ടുവെച്ച പേരുകൾ ഉൾപ്പെടാഞ്ഞതാണ് ഗ്രൂപ്പ്‌ മാനേജർമാരെ ചൊടിപ്പിച്ചത്. ആര്യാടൻ മുഹമ്മദ് അന്തരിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്ക് കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബുവിനെയാണ് എ ഗ്രൂപ്പ് നിർദേശിച്ചത്. പകരം നിയമനം കിട്ടിയ മുഹമ്മദ് കുഞ്ഞി എ ഗ്രൂപ്പുകാരനാണെങ്കിലും അബുവിനായിരുന്നു നേതൃത്വത്തിന്റെ ആദ്യ പരിഗണന. 

കെ.വി. തോമസിനുപകരം മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷന് അംഗത്വം ലഭിക്കണമെന്ന താത്പര്യവും അംഗീകരിക്കപ്പെട്ടില്ല. ദീർഘകാലം കെപിസിസി ഭാരവാഹിയായ തമ്പാനൂർ രവിയെ വോട്ടവകാശമില്ലാത്ത അംഗമാക്കിയതും എ ഗ്രൂപ്പിന്റെ അസംതൃപ്തിക്ക് കാരണമായി.

ഐ ഗ്രൂപ്പ് നിർദേശിച്ചവരിൽ മുതിർന്ന നേതാക്കളായ ടി.ശരത്ചന്ദ്രപ്രസാദ്, കെ.സി. രാജൻ, എൻ. സുബ്രഹ്മണ്യൻ എന്നിവർ ഒഴിവാക്കപ്പെട്ടു. സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവരെ ഇക്കാര്യം ഗ്രൂപ്പ് നേതൃത്വം അറിയിച്ചു. നിലപാട് തുടർന്നാൽ എഐസിസി പ്ലീനറി സമ്മേളനത്തിനുശേഷം ജില്ലകൾ തോറും യോഗം വിളിച്ച് പ്രതികരിക്കേണ്ടിവരുമെന്ന തീരുമാനത്തിലാണ് ഗ്രൂപ്പ് നേതൃത്വം.

കെപിസിസി അംഗങ്ങളായി പ്രസിഡന്റ് നാമനിർദേശം ചെയ്യുന്നവർക്ക് എഐസിസി പ്ലീനറിയിലും പങ്കെടുക്കാം. 50 പേരെക്കൂടി അംഗങ്ങളാക്കുന്നതിനുള്ള പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിച്ചിരിക്കുന്നത്. ഈ പട്ടികയെപ്പറ്റിയും ഗ്രൂപ്പ് നേതൃത്വത്തോട് സംസാരിച്ചിട്ടില്ലെന്നാണ് പരാതി.

എന്നാൽ ഗ്രൂപ്പ് വീതംവെപ്പായി ഭാരവാഹിത്വത്തെ കാണരുതെന്ന് ഔദ്യോഗിക പക്ഷം നിലപാടെടുത്തു. 63 പേരെയാണ് ആദ്യം എഐസിസിയിലേക്ക് നിർദേശിച്ചത്. വോട്ടവകാശമുള്ള അംഗങ്ങളെ 41 ആക്കി ചുരുക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചപ്പോൾ കുറച്ചുപേരെ ഒഴിവാക്കി. 

ഓരോ ഭാരവാഹിത്വത്തിനും മെറിറ്റ് അടിസ്ഥാനമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗ്രൂപ്പ് നേതൃത്വം നിർദേശിക്കുന്നവരുടെ പേര് അതേപടി എഴുതണമെന്ന് വാശിപിടിക്കുന്നത് സംഘടനാ രീതിയല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.