റഷ്യ-ഉക്രെയ്ന്‍ യുദ്ധം; പിരിമുറുക്കങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയും യുദ്ധഭൂമിയില്‍

റഷ്യ-ഉക്രെയ്ന്‍ യുദ്ധം; പിരിമുറുക്കങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയും യുദ്ധഭൂമിയില്‍

കീവ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത ഉക്രെയ്ന്‍ സന്ദര്‍ശനം ഉയര്‍ത്തിവിട്ട സംഘര്‍ഷങ്ങള്‍ക്ക് ചൂടു പകര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയും യുദ്ധഭൂമിയില്‍. കഴിഞ്ഞ ദിവസം ഉക്രെയ്‌നിലെത്തിയ ബൈഡന്റേതു പോലെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള സന്ദര്‍ശനമായിരുന്നു മെലാനിയുടേത്. പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് ട്രെയിനില്‍ ഇന്നലെ ഉച്ചയോടെ കീവിലെത്തിയ മെലാനി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഉക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് മെലാനിയും കീവിലെത്തിയത്. അതേസമയം യാത്രയുടെ വിശദാംശങ്ങള്‍ ഇറ്റലി പുറത്തുവിട്ടിട്ടില്ല.

ഒക്ടോബറില്‍ പ്രസിഡന്റ് പദവിയിലെത്തിയ ശേഷം മെലാനി നടത്തിയ ഏറ്റവും സുപ്രധാനമായ വിദേശ സന്ദര്‍ശനമാണിത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധ വാര്‍ഷികത്തിനു ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നത് ഈ സന്ദര്‍ശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

യുദ്ധത്തില്‍ പൂര്‍ണമായും തകര്‍ന്ന ബുച്ച, ഇര്‍പിന്‍ എന്നീ പ്രദേശങ്ങള്‍ മെലാനി സന്ദര്‍ശിക്കുമെന്നാണ് സൂചന. 'സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഒരു ജനതയുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഞാന്‍ ഇവിടെയുണ്ട്. സ്വന്തം കണ്ണു കൊണ്ട് കാര്യങ്ങള്‍ കാണുന്നത് എല്ലായ്‌പ്പോഴും വ്യത്യസ്തമാണ്. ഇറ്റലിക്കാരെ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു' - ഇറ്റാലിയന്‍ ടെലിവിഷനു നല്‍കിയ പ്രതികരണത്തില്‍ മെലാനി പറഞ്ഞു.

കീവ് സന്ദര്‍ശനത്തിന് മുന്നോടിയായി പോളണ്ട് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കിയുമായും പ്രസിഡന്റുമായും മെലാനി ചര്‍ച്ച നടത്തി.

പത്ത് മണിക്കൂറോളം ട്രെയിനില്‍ യാത്ര ചെയ്താണ് തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ എത്തിയത്. ആധുനിക അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രഡിഡന്റ് അമേരിക്കന്‍ സൈനിക സാന്നിധ്യമില്ലാത്ത യുദ്ധഭൂമി സന്ദര്‍ശിക്കുന്നത്. രഹസ്യ സന്ദര്‍ശനം സംബന്ധിച്ച ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രഹസ്യമായി വൈറ്റ് ഹൗസ് ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.