ചൈനയില്‍ നവ ദമ്പതികള്‍ക്ക് 30 ദിവസം വിവാഹ അവധി; ലക്ഷ്യം ജനന നിരക്ക് ഉയര്‍ത്തല്‍

ചൈനയില്‍ നവ ദമ്പതികള്‍ക്ക് 30 ദിവസം വിവാഹ അവധി; ലക്ഷ്യം ജനന നിരക്ക് ഉയര്‍ത്തല്‍

ബെയ്ജിങ്: ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ നവ ദമ്പതികള്‍ക്ക് കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കി ചൈന. പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് 30 ദിവസം വരെ അവധി അനുവദിച്ചു. ശമ്പളത്തോട് കൂടിയുള്ള അവധിയാണ് ലഭിക്കുക. ഗാന്‍സു, ഷാങ്സി അടക്കമുള്ള പ്രവിശ്യകള്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി.

ജനന നിരക്കില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് പുതിയ തീരുമാനം. വിവാഹ അവധി ഏറ്റവും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നല്‍കണം എന്നത് മാത്രമാണ് നിലവിലുള്ള നിബന്ധനയെങ്കിലും ഇഷ്ടമുള്ളത്ര അവധി നല്‍കാന്‍ ഫെബ്രുവരി മുതല്‍ പ്രവിശ്യകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് താരതമ്യേന കുറവുള്ള നഗരങ്ങളിലും പ്രവിശ്യകളിലുമാണ് വിവാഹ അവധി നീട്ടി നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ജനന നിരക്ക് കൂട്ടാന്‍ നവ ദമ്പതികള്‍ക്ക് നീണ്ട അവധി നല്‍കുന്നത് കാര്യമായി ഫലം ചെയ്യുമെന്ന് ചൈനയിലെ സൗത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സ് ഡീന്‍ യാങ് ഹയാങ് പ്രതികരിച്ചു. ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ഹൗസിംഗ് സബ്സിഡികളും പുരുഷന്മാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള പിതൃത്വ അവധിയും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ ആറ് പതിറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തിയ വര്‍ഷമാണ് 2022. രാജ്യത്ത് 1980 മുതല്‍ 2025 വരെ നിലവിലുണ്ടായിരുന്ന ഒറ്റക്കുട്ടി നയം ജനന നിരക്കിനെ കാര്യമായി ബാധിച്ചിരുന്നു. ചൈനയില്‍ വിദ്യാഭ്യാസ ചിലവ് ക്രമാതീതമായി വര്‍ധിച്ചതും ജനന നിരക്ക് കുറയാന്‍ കാരണമായി. തുടര്‍ന്ന് ഈ നയം ചൈന ഔദ്യോഗികമായി പിന്‍വലിക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.