മെക്സിക്കോ സിറ്റി: നിക്കരാഗ്വേൻ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചും മതഗൽപ്പ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടും ആക്ടിവേറ്റ്, സോളിഡാർട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകൾ മെക്‌സിക്കോ സിറ്റിയിലെ നിക്കരാഗ്വൻ എംബസിയിൽ നിവേദനം നൽകി. 11,000 പേരുടെ ഒപ്പ് സഹിതമാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.
മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ദുരുപയോഗങ്ങളെയും അപലപിച്ച് അംഗങ്ങൾ സമാധാനപരമായ പ്രകടനവും പ്രാർത്ഥനയോഗവും കഴിഞ്ഞ ദിവസം നടത്തിയിരിന്നു.
ഡാനിയൽ ഒർട്ടേഗ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കു നേരെ നടത്തുന്ന വ്യാപകമായ മതപീഡനത്തെ ശക്തമായി അപലപിക്കുകയാണെന്നും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൽ സ്ഥാപിച്ചിട്ടുള്ള മതസ്വാതന്ത്ര്യം ഇവിടെ ലംഘിക്കപ്പെട്ടുവെന്നും സോളിഡാർട്ടിന്റെ ഡയറക്ടർ ഹ്യൂഗോ റിക്കോ പറഞ്ഞു.
ബിഷപ്പ് അൽവാരസിനെ ഉടൻ മോചിപ്പിക്കണമെന്ന് പ്ലാറ്റ്‌ഫോമുകൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ മെക്‌സിക്കൻ സർക്കാർ നിക്കരാഗ്വൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഒർട്ടെഗ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.
നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാർട്ട് ഓഗസ്റ്റ് 12 നാണ് ക്യാമ്പെയ്‌ൻ ആരംഭിച്ചതെന്ന് ആക്റ്റിവേറ്റ് കാമ്പെയ്‌ൻ നേതാവ് യൂറിയൽ എസ്‌ക്വെഡ പറഞ്ഞു.
ആറുമാസമായി ക്യാമ്പെയ്‌ൻ തുടരുന്നു. ഒരു മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ നിലനിൽക്കുന്ന ഗുരുതരമായ അസഹിഷ്ണുതയെക്കുറിച്ച് ആശങ്കാകുലരായ 11,300-ലധികം ആളുകൾ നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 10 നാണ് ഡാനിയേൽ ഒർട്ടേഗ ഭരണകൂടം "രാജ്യദ്രോഹം" ആരോപിച്ച് ബിഷപ്പ് അൽവാരെസിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ നിക്കരാഗ്വൻ പൗരത്വവും ഇല്ലാതാക്കി.
രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ കടുത്ത വിമർശകനായ ബിഷപ്പിനെയും ഇരുനൂറിലധികം രാഷ്ട്രീയ തടവുകാരെയും അമേരിക്കയിലേക്ക് നാടു കടത്താന്‍ നീക്കം നടന്നെങ്കിലും ബിഷപ്പ് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയായിരിന്നു. ബിഷപ്പ് ഒഴികെയുള്ളവരെ അമേരിക്കയിലേക്ക് കടത്തി.
തുടര്‍ന്നാണ് കാല്‍ നൂറ്റാണ്ട് നീണ്ടു നില്‍ക്കുന്ന തടവുശിക്ഷയ്ക്കു ഭരണകൂടം ബിഷപ്പിനെ ശിക്ഷിച്ചത്. നിക്കരാഗ്വേൻ മാധ്യമ റിപ്പോര്‍ട്ട് പ്രകാരം, മനാഗ്വേയിലെ മോഡെലോ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് ബിഷപ്പ് അൽവാരെസിനെ പാർപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.