സ്ഥാപകദിനമാഘോഷിച്ച് സൗദി അറേബ്യ

സ്ഥാപകദിനമാഘോഷിച്ച് സൗദി അറേബ്യ

റിയാദ്:സ്ഥാപകദിനാഘോഷത്തില്‍ സൗദി അറേബ്യ. ആദ്യത്തെ സൗദി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ദറഇയ എമിറേറ്റ് 1727 ഫെബ്രുവരിയില്‍ സ്ഥാപിതമായതിന്‍റെ സ്മരണയ്ക്കായാണ് ഫെബ്രുവരി 22 സ്ഥാപകദിനമായി ആഘോഷിക്കുന്നത്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമായി ചെറുതും വലുതുമായ 500ലധികം പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.കഴിഞ്ഞ വർഷം മുതലാണ് ഫെബ്രുവരി 22 ന് രാജ്യത്ത് പൊതു അവധി നല്‍കിത്തുടങ്ങിയത്.
ചൊവ്വാഴ്ച രാത്രി തന്നെ ആഘോഷപരിപാടികള്‍ രാജ്യത്ത് ആരംഭിച്ചിരുന്നു. കിഴക്കന്‍ മേഖലയിലെ ജുബൈയിലില്‍ എയർ ഷോ നടന്നു. രാജ്യത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് സൗദി ഹാക്സിന്‍റെ നേതൃത്വത്തില്‍ എയർ ഷോ നടന്നത്.


സൗദി അറേബ്യയുടെ സംസ്കാരവും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ട് ആംഡ് ഫോഴ്സിന്‍റെ ആഭിമുഖ്യത്തില്‍ റിയാദിലും പരിപാടികള്‍ നടന്നു. ഫെബ്രുവരി 25 വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ഇവിടെ അരങ്ങേറുക. യുനെസ്കോയുടെ ചരിത്ര പ്രസിദ്ധമായ ദിരിയയില്‍ സൗദി ആഭ്യന്തരമന്ത്രാലയം ഒരുക്കിയ പരേഡും അരങ്ങേറി. സൗദി അറേബ്യ സ്ഥാപിതമായതു മുതൽ സമകാലിക കാലം വരെയുളള ചരിത്രവും മഹത്വവും അടയാളപ്പെടുത്തുന്നതിനായി അറബിക് കവിതയെ അടിസ്ഥാനമാക്കിയുള്ള സംഗീത അവതരണവും നടന്നു.

ഫെബ്രുവരി 27 വരെ റിയാദിലെ പ്രിൻസസ് നൗറ യൂണിവേഴ്‌സിറ്റിയിലെ കോൺഫറൻസ് സെന്‍ററില്‍ നടക്കുന്ന കലാപരിപാടികളില്‍ നാടക താരങ്ങളും ഗായകരും പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 24 വെള്ളിയാഴ്ച രാത്രി ഇഷാ പ്രാർത്ഥനയ്ക്ക് ശേഷം സ്ഥാപക ദിന പരേഡും നടക്കും.റിയാദിലെ പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡിൽ നടക്കുന്ന മാർച്ച്, രാജ്യത്തിന്‍റെ വികസനത്തിന്‍റെയും നയതന്ത്ര ബന്ധത്തിന്‍റെയും കഥ പറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.