ഒര്‍ലാന്‍ഡോ: ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയിലുണ്ടായ വെടിവയ്പ്പില്‍ മാധ്യമപ്രവര്‍ത്തകനും ഒന്‍പതു വയസുകാരിയും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഒന്‍പതു വയസുകാരിയുടെ മാതാവും ക്യാമറമാനുമാണ് ചികിത്സയിലുള്ളത്. സംഭവത്തില്‍ 19 വയസുകാരനായ കെയ്ത് മോസസിനെ പൊലീസ് പിടികൂടി.
ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 20 വയസുള്ള സ്ത്രീയെ കെയ്ത് മോസസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. സംഭവസ്ഥലത്ത് റിപ്പോര്‍ട്ടിങ്ങിനായി എത്തിയ പ്രാദേശിക ടെലിവിഷന്‍ ചാനലായ സ്പെക്ട്രം ന്യൂസ് 13 ജീവനക്കാരായ റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനും നേരേ പ്രതി വെടിയുതിര്‍ത്തു. തുടര്‍ന്നാണ് സമീപമുള്ള വസതിയിലുണ്ടായിരുന്ന ഒമ്പത് വയസുകാരിക്കും അമ്മയ്ക്കും വെടിയേറ്റത്.
വെടിയേറ്റവരില്‍ റിപ്പോര്‍ട്ടറും ഒന്‍പതു വയസുകാരിയും മരിച്ചു. മറ്റ് രണ്ട് പേരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പ്പിലേക്കു നയിച്ച കാരണം വ്യക്തമായിട്ടില്ല. മരിച്ച മാധ്യമപ്രവര്‍ത്തന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആദ്യം വെടിയേറ്റ യുവതിയെ പ്രതിക്ക് അറിയാമായിരുന്നു. എന്നാല്‍ പിന്നീട് വെടിയേറ്റ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ ആരുമായും കെയ്ത് മോസസിന് ബന്ധമില്ല.
ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതി. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, മോഷണം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഓറഞ്ച് കൗണ്ടി ഷെരീഫ് ജോണ്‍ മിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കയില്‍ വെടിവയ്പ്പ് ആക്രമണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
'ഫ്‌ളോറിഡയിലെ ഓറഞ്ച് കൗണ്ടിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെയും പരിക്കേറ്റ ക്രൂ അംഗത്തെയും സ്‌പെക്ട്രം ന്യൂസ് ടീമിനൊപ്പം ഞങ്ങളും സ്മരിക്കുന്നു' - വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അപൂര്‍വമാണ്. ലോകമെമ്പാടുമുള്ള 40 മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷം ജോലിക്കിടെ കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.