കേപ്ടൗണ്‍: ഫൈനല്‍ മോഹവുമായി ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകള്‍ പടിവാതിലില്‍ പൊരുതി വീണു. അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.
വിജയം തേടിയിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ വിജയമുറപ്പിച്ചിരുന്ന ഇന്ത്യ കളി കൈവിട്ടുകളയുകയായിരുന്നു. സ്‌കോര്‍ 28 റണ്‍സിലെത്തുമ്പോഴേയ്ക്കും മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. മികച്ച ഫോമിലുള്ള സ്മൃതി മന്ധന രണ്ട് റണ്ണുമായി സഹ ഓപ്പണര്‍ ഷെഫാലി വര്‍മ ഒന്‍പത് റണ്‍സും മൂന്നാമതായി ക്രീസിലെത്തിയ യസ്തിക ഭാട്ടിയ രണ്ട് റണ്ണുമായും പുറത്തായി.
പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ജെമിമ റോഡ്രിഗസ് എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ഇരുവരും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹര്‍മന്‍പ്രീത് കൗര്‍ 34 പന്തില്‍ 52 റണ്‍സെടുത്തു. ആറ് ഫോറും ഒരു സിക്‌സുമാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ജെമിമ റോഡ്രിഗസ് 23 പന്തില്‍ 43 റണ്‍സെടുത്തു.
സ്‌കോര്‍ 133 ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ റിച്ച ഘോഷും മടങ്ങി. താരം 14 റണ്‍സുമായി പുറത്തായി. അപ്പോഴും ഇന്ത്യക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. പിന്നീട് ഇറങ്ങിയ ദീപ്തി ശര്‍മ 17 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന് പൊരുതിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി. സ്‌നേഹ് റാണ (11), രാധ യാദവ് (0) എന്നിവരും പുറത്തായി. ശിഖ പാണ്ഡെ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. ബെത്ത് മൂണി, ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 37 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 54 റണ്‍സെടുത്ത മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ അലിസ ഹീലിക്കൊപ്പം 52 റണ്‍സിന്റെ കൂട്ടുകെട്ടും മൂണി പടുത്തുയര്‍ത്തി.
26 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ഹീലിയെ പുറത്താക്കി രാധ യാദവാണ് ഓസീസിന് ആദ്യ തിരിച്ചടി നല്‍കിയത്. പിന്നീട് ക്രീസിലെത്തിയ മെഗ് ലാന്നിങ്ങും മികച്ച ഫോമില്‍ ബാറ്റ് വീശി. 34 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം പുറത്താകാതെ നിന്ന ലാന്നിങ്ങാണ് ഓസീസ് സ്‌കോര്‍ 170 കടത്തിയത്. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ആഷ്‌ലി ഗാര്‍ഡ്‌നറെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റില്‍ 53 റണ്‍സും ലാന്നിങ് ഓസീസ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചു. ഗ്രേസ് ഹാരിസാണ് (ഏഴ്) പുറത്തായ മറ്റൊരു താരം. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.