ജീവന്റെ തുടിപ്പ് തേടി ചൈന അയച്ച ജുറോങ്ങ് റോവര്‍ ആറുമാസമായി നിശ്ചലമെന്ന് നാസ

ജീവന്റെ തുടിപ്പ് തേടി ചൈന അയച്ച ജുറോങ്ങ് റോവര്‍ ആറുമാസമായി നിശ്ചലമെന്ന് നാസ

ഫ്‌ളോറിഡ: ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി ചൈന വിക്ഷേപിച്ച ജുറോങ്ങ് റോവര്‍ നിശ്ചലമായെന്ന സുപ്രധാന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ടിയാന്‍ വെന്‍ വണ്‍ ബഹിരാകാശ പേടകത്തില്‍ 2021 മെയ്യില്‍ ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ ജുറോങ്ങ് റോവര്‍ കഴിഞ്ഞ ആറ് മാസക്കാലമായി അനക്കമില്ലെന്ന് നാസ കണ്ടെത്തി.

നാസയുടെയും അരിസോണ സര്‍വകലാശാലയിലെയും ഗവേഷകര്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിങ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറ പുതുതായി പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് നാസ ഇക്കാര്യം വെളിപ്പെടുത്തിയത്.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ 2021 മുതല്‍ ലാന്‍ഡിങ് സൈറ്റില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. നാസയുടെ മാര്‍സ് റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ എടുത്ത ടൈം സീരീസ് പ്രകാരം 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ചൈനയുടെ ജുറോങ് റോവര്‍ ചുവന്ന ഗ്രഹത്തില്‍ നിശ്ചലമായിരുന്നു. ചൊവ്വയുടെ ഉത്തരമേഖലയിലെ പൊടിക്കാറ്റാകാം റോവറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് കരുതുന്നത്.

അതേസമയം ജുറോങ് റോവറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ചൈനീസ് ഗവേഷകരാരും പ്രതികരിച്ചിട്ടില്ല. ഡിസംബറില്‍ പേടകം വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും റോവറിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ചൈനീസ് അധികൃതര്‍ മൗനം തുടരുകയാണെന്ന് സ്‌പേസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

ജീവന്റെ തുടിപ്പുകള്‍ തേടി ചൊവ്വയുടെ ഉട്ടോപ്യ, പ്ലാനിഷ്യ മേഖലയിലേക്കായിരുന്നു ചൈന റോവര്‍ അയച്ചത്. റോവര്‍ ചുവന്ന ഗ്രഹത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് പഠിക്കുകയും മണ്ണ് പരിശോധിക്കുകയും അവിടുത്തെ കാലാവസ്ഥ നിരീക്ഷിച്ച് ഡേറ്റ കൈമാറുകയുമൊക്കെ ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.