അവിഹിത സ്വത്ത് സമ്പാദിച്ച പൊലീസുകാര്‍ക്ക് പിന്നാലെ വിജിലന്‍സ്; ബിനാമികളെയും കണ്ടെത്തും

 അവിഹിത സ്വത്ത് സമ്പാദിച്ച പൊലീസുകാര്‍ക്ക് പിന്നാലെ വിജിലന്‍സ്; ബിനാമികളെയും കണ്ടെത്തും

തിരുവനന്തപുരം: ബിനാമി പേരിലടക്കം വന്‍തോതില്‍ അവിഹിത സമ്പത്തുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡിവൈ.എസ്.പിമാരടക്കം 34 പേരെയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ഫോണ്‍രേഖകളടക്കം പരിശോധിച്ച് ബിനാമികള്‍ ആരൊക്കെയാണെന്നും കണ്ടെത്തും. ഇതിനായി ബാങ്ക് അക്കൗണ്ടുകള്‍, സ്വര്‍ണ നിക്ഷേപം അടക്കം പരിശോധിക്കുമെന്ന് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.

വമ്പന്‍ ഭൂമിയിടപാടുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇടനിലക്കാരായി പൊലീസുദ്യോഗസ്ഥര്‍ പണം തട്ടുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. മോഷണക്കേസുകളടക്കം ഒതുക്കിതീര്‍ത്ത് പണമുണ്ടാക്കിയെന്ന പരാതികളുമുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരുമായ പൊലീസുകാരുടെ ആസ്തികളാണ് ആദ്യം പരിശോധിക്കുന്നത്.

വാങ്ങിക്കൂട്ടിയ വീടുകളും വസ്തുക്കളും കണ്ടെത്താന്‍ റവന്യു അടക്കമുള്ള വകുപ്പുകളുടെ സഹകരണം തേടും. ബിനാമി നിക്ഷേപം കണ്ടെത്തുക ശ്രമകരമായതിനാലാണ് ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ചുള്ള അന്വേഷണം. വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ ഉള്‍പ്പെടെ പത്തുവര്‍ഷത്തെ ബാങ്ക് അക്കൗണ്ടുകളും ആദായ നികുതി രേഖകളും സ്വത്ത് വിവരവും പരിശോധിക്കും.

അനധികൃത സ്വത്തുണ്ടാക്കിയതിന് ഇടുക്കി മുന്‍ ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ വീട്ടില്‍ 2021 നവംബറില്‍ റെയ്ഡ് നടത്തി ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ലോക്കറുകള്‍ മുദ്രവച്ചു. 57 ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.