ഇനിയും നിലയ്ക്കാത്ത വെടിയൊച്ച: റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

ഇനിയും നിലയ്ക്കാത്ത വെടിയൊച്ച: റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

കീവ്: ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റി മറിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തിന് ഇന്ന് ഒരു വര്‍ഷം. ലക്ഷക്കണക്കിന് പേരുടെ തോരാ കണ്ണീരിന് കാരണമായ യുദ്ധം ഇനിയും നീളാനാണ് സാധ്യത.

മരിയ്ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രെയ്‌നിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകള്‍.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

യുക്രൈന്റെ മണ്ണില്‍ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകള്‍ക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയില്‍ പറഞ്ഞത്. യുദ്ധം യുക്രൈന്റെ ഹൃദയത്തിലും ആത്മാവിലും ആഴത്തിലുള്ള മുറിവേല്‍പ്പിച്ചതായി സെലന്‍സ്‌കി പറഞ്ഞു.

റഷ്യയുടെ അധിനിവേശത്തോട് ചെറുത്തു നില്‍ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നല്‍കിയ ആയുധങ്ങളില്‍ പ്രധാനം അത്യന്താധുനിക യുദ്ധടാങ്കുകള്‍ ആണ്. ഏറ്റവും ഒടുവില്‍ അമേരിക്ക നല്‍കുമെന്ന് പ്രഖ്യാപിച്ചത് 31 എബ്രാംസ് ടാങ്കുകള്‍. ഒരു കോടി അമേരിക്കന്‍ ഡോളര്‍ ഓരോന്നിനും വിലയുള്ള ഈ ടാങ്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും യുക്രൈന് നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

അമേരിക്ക നല്‍കുന്ന എബ്രാംസ് ലോകത്തെ ഏറ്റവും ആധുനികമായ യുദ്ധടാങ്കുകളാണ്. നാറ്റോ രാജ്യങ്ങള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആധുനിക ടാങ്കുകള്‍ ഇന്ന് യുക്രൈന് നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നു. ടാങ്കുകള്‍ മാത്രമല്ല കവചിത വാഹനങ്ങളുടെയും വലിയ ശേഖരം ഇന്ന് യുക്രൈന്റെ പക്കല്‍ ഉണ്ട്.

അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്. ഒന്‍പതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു എന്നാണ് കണക്ക്. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.