മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ്: മുഖ്യ കേന്ദ്രമായത് കളക്ടറേറ്റുകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ്: മുഖ്യ കേന്ദ്രമായത് കളക്ടറേറ്റുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന് മുഖ്യ കേന്ദ്രമായത് കളക്ടറേറ്റുകള്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തിനിടെ, സമര്‍പ്പിച്ച മുഴുവന്‍ അപേക്ഷയും രേഖകളും പരിശോധിക്കുന്ന നടപടിയുമായിലാണ് ഇപ്പോള്‍ വിജിലന്‍സ്.

ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി ഭാവിയില്‍ ദുരിതാശ്വാസ തട്ടിപ്പ് തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. 'ഓപറേഷന്‍ സി.എം.ഡി.ആര്‍.എഫ്' എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.

ഉദ്യോഗസ്ഥരും ഏജന്റുമാരും ഡോക്ടര്‍മാരും ചേര്‍ന്ന വന്‍ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. വിശദ പരിശോധനക്കാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശം.

വില്ലേജ് ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയും പരിശോധിക്കുന്നുണ്ട്. മരിച്ചവരുടെ പേരില്‍ പോലും പണം അനുവദിച്ചതും വൃക്ക രോഗിക്ക് ഹൃദ്രോഗിയെന്ന സര്‍ട്ടിഫിക്കറ്റില്‍ പണം നല്‍കിയതും കണ്ടെത്തി. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സമ്പന്ന വിദേശമലയാളികള്‍ക്ക് ലക്ഷങ്ങള്‍ അനുവദിച്ചതും കണ്ടെത്തി.

പണം കൈപ്പറ്റിയവര്‍ അര്‍ഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാലേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

ഓരോ ജില്ലയിലും എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായാണ് കലക്ടറേറ്റുകളിലെ രേഖകള്‍ പരിശോധിക്കുന്നത്. ഏറെ നിര്‍ധനരായവര്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സഹായം നല്‍കുന്നത്.

കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ നല്‍കിയതാണ്. പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ ഏകദേശം 1500 സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടര്‍ നല്‍കിയതാണ്.

ഒരാള്‍ക്ക് പല ജില്ലകളില്‍നിന്ന് സഹായം ലഭിച്ചതും കണ്ടെത്തി. എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാള്‍ക്ക് രണ്ട് ആഡംബര കാറും വലിയ കെട്ടിടവുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയില്‍ നഴ്‌സാണ്. രണ്ട് ലക്ഷം വരുമാനപരിധിയിലുള്ളവര്‍ക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ ഈ തട്ടിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.