ലണ്ടന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന ഷെമീമ ബീഗത്തിന് ഇനി ഒരിക്കലും ബ്രിട്ടണിലേക്കു മടങ്ങാനാകില്ല. പൗരത്വം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി യു.കെ കോടതി ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ഷെമീമ ബീഗം നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി തള്ളിയത്. യുകെയിലേക്കു മടങ്ങാന്‍ ഷെമീമ യോഗ്യയല്ലെന്ന് അപ്പീല്‍ പരിഗണിച്ച കോടതി വ്യക്തമാക്കി. ഇതോടെ തല്‍കാലം വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ തന്നെ യുവതിക്ക് കഴിയേണ്ടിവരും.
മുന്‍ ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഷെമീമയുടെ പൗരത്വം റദ്ദാക്കിയത്. മൂന്നു വര്‍ഷം മുന്‍പു സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഐ.എസ് തീവ്രവാദിയുടെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടണിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാന്‍ ബ്രിട്ടീഷ് ഹോം ഓഫിസ് തീരുമാനിച്ചത്. ഇതിനിടെ ഷെമീമയുടെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു.
കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണു നാട്ടിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഭീകരസംഘടനയില്‍ അംഗമാകാന്‍ പോയ ഷെമീമ പറഞ്ഞത്. എന്നാല്‍ അതിമോഹം വേണ്ടെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റ നിലപാട്.
2015 ലാണ് ഷെമീമ ബീഗം മറ്റു രണ്ടു സഹപാഠികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍ നിന്നു സിറിയയിലേക്കു കടന്നത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തു പറ്റിയെന്ന് കൃത്യമായ വിവരമില്ല. ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തില്‍നിന്നും തുര്‍ക്കിയിലേക്കാണ് ഇവര്‍ മൂന്നു പേരും ആദ്യം പോയത്. പിന്നീട് തുര്‍ക്കി അതിര്‍ത്തി കടന്ന് സിറിയയിലെത്തി.
ഐ.എസ് ഭീകരരുടെ വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളില്‍ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് താന്‍ അപേക്ഷിച്ചത്. പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. 27 വയസായിരുന്നു പ്രായം. ഇയാള്‍ക്കൊപ്പമാണു പിന്നീടു കഴിഞ്ഞതെന്നു ഷെമീമ വെളിപ്പെടുത്തിയിട്ടുണ്ട്.
സിറിയന്‍ പട്ടാളത്തിനു മുന്നില്‍ ഭര്‍ത്താവ് കീഴടങ്ങിയപ്പോഴാണു വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് പോരാന്‍ നിര്‍ബന്ധിതയായത്. നേരത്തെ അവര്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും ഇരുവരും പോഷകാഹാരക്കുറവും രോഗവും മൂലം മരണപ്പെട്ടു എന്നാണു റിപ്പോര്‍ട്ട്.
1981ലെ ബ്രിട്ടീഷ് നാഷണാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നടപടി. പൊതു താല്‍പര്യത്തിന് അനിവാര്യമെന്നു കണ്ടെത്തായാല്‍ ഒരാളുടെ പൗരത്വം റദ്ദാക്കാന്‍ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്.
ബംഗ്ലാദേശില്‍ നിന്നു ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ടതാണ് ഷെമീമ. ഇവര്‍ക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടീഷ് പൗരത്വം തിരിച്ചെടുത്തത്. എന്നാല്‍ തനിക്കു ബംഗ്ലാദേശി പാരമ്പര്യമുണ്ടെങ്കിലും പാസ്‌പോര്‍ട്ട് ഇല്ലെന്നും ഒരിക്കല്‍ പോലും ബംഗ്ലാദേശില്‍ പോയിട്ടില്ലെന്നുമാണ് ഷെമീമ മാധ്യമങ്ങളോട് പറഞ്ഞത്.
ഇരട്ട പൗരത്വത്തിന്റെ വിശദാംശങ്ങള്‍ ഹോം ഓഫിസ് പുറത്തു വിടുന്നില്ലെങ്കിലും എവിടെയെങ്കിലും താമസിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് തങ്ങള്‍ ആരെയും തള്ളിവിടില്ലെന്നാണു ഹോം ഓഫിസ് വക്താവ് വ്യക്തമാക്കിയിരുന്നത്. വിവിധ ഭീകര സംഘടനകള്‍ക്കു പിന്തുണയുമായി രാജ്യംവിട്ട നൂറോളം പേരുടെ പൗരത്വം ഇത്തരത്തില്‍ റദ്ദാക്കിയിട്ടുണ്ടെന്നും ഹോം ഓഫിസിന്റെ കണക്കുകള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.