സിഡ്‌നി: ഓസ്‌ട്രേലിയയിലെ ക്രിസ്ത്യന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമ പരിഷ്‌കരണ കമ്മിഷന്‍ ശിപാര്‍ശകള്‍ക്കെതിരെ ക്യാമ്പെയ്‌നുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). കത്തോലിക്ക സ്‌കൂളുകളില്‍ വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഇളവുകള്‍ ഇല്ലാതാക്കുന്നതാണ് പുതിയ ശിപാര്‍ശകളെന്ന് എ.സി.എല്‍ ആരോപിക്കുന്നു.
രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ സ്‌കൂളുകളുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന ശിപാര്‍ശകള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് വിശ്വാസികളില്‍നിന്ന് ഉയരുന്നത്. തങ്ങളുടെ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കു വിരുദ്ധമായി ലൈംഗികതയെയും ലിംഗഭേദത്തെയും കുറിച്ചുള്ള ആശയങ്ങള്‍ കുട്ടികളില്‍ കുത്തിനിറയ്ക്കാന്‍ ക്രിസ്ത്യന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുന്നതാണ് ശിപാര്‍ശ. അതോടൊപ്പം വിശ്വാസികളായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാകുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി മുന്നറിയിപ്പ് നല്‍കുന്നു.
അതായത്, വിശ്വാസത്തിനെതിരേ നിലകൊള്ളുന്ന ഒരു ജീവനക്കാരനെ നിയമിക്കാതിരിക്കാനോ പിരിച്ചുവിടാനോ ഉള്ള അവകാശം നിഷേധിക്കപ്പെടും. ഇത് ഭാവിയില്‍ സ്‌കൂളുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് ആശങ്ക.
ഓസ്ട്രേലിയയുടെ ഫെഡറല്‍ സെക്സ് ഡിസ്‌ക്രിമിനേഷന്‍ ആക്ട് 1984 ഭേദഗതി ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ നിയമ പ്രകാരം ലിംഗ വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം, വിവാഹാവസ്ഥ, ഗര്‍ഭധാരണം എന്നിവയുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാലുള്ള വിവേചനം നിരോധിക്കുന്നു. അതേസമയം, ഈ നിയമങ്ങള്‍ വിശ്വാസാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചിരുന്നു. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ വിവേചനം കാണിക്കുന്നത് ഫെഡറല്‍ നിയമപ്രകാരം നിയമവിരുദ്ധമല്ലെന്ന് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഈ ഇളവുകളെല്ലാം അട്ടിമറിക്കുന്നതാണ് പുതിയ ശിപാര്‍ശകളെന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി പറയുന്നു.
നിയമനത്തിലെ വിവേചനം അവസാനിപ്പിക്കാനെന്ന വാദമുയര്‍ത്തിയാണ് നിയമ പരിഷ്‌കരണ കമ്മിഷന്‍ ഈ ശിപാര്‍ശകള്‍ കൊണ്ടുവന്നത്.
ക്രിസ്ത്യന്‍ സ്‌കൂളുകള്‍ പിന്തുടരുന്ന മൂല്യങ്ങളും വിശ്വാസവും കുട്ടികളിലേക്കു പകര്‍ന്നുകൊടുക്കാന്‍ കഴിയുന്ന ജീവനക്കാരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്ക് അവകാശം ഉണ്ടാകണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
അരാജകത്വ പ്രത്യയശാസ്ത്രങ്ങളെ ഊട്ടിയുറപ്പിക്കുന്നതും മാതാപിതാക്കളുടെ മതപരവും ധാര്‍മ്മികവുമായ ബോധ്യങ്ങള്‍ക്കനുസൃതമായി കുട്ടികളെ പഠിപ്പിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഗൗരവമേറിയ നിര്‍ദ്ദേശങ്ങളാണിവ. നിലവില്‍, നിര്‍ദിഷ്ട പരിഷ്‌കാരങ്ങള്‍ മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഭാവിയില്‍ ഈ ശുപാര്‍ശകള്‍ എല്ലാ മതസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഈ ശുപാര്‍ശകള്‍ സ്വീകാര്യമല്ലെന്ന ശക്തമായ സന്ദേശം ഫെഡറല്‍ ജനപ്രധിനിധികള്‍ക്ക് നല്‍കാനാണ് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.
ചുവടെയുള്ള വെബ്‌സെറ്റ് ലിങ്ക് സന്ദര്‍ശിച്ച് പ്രധാനമന്ത്രി, അറ്റോര്‍ണി ജനറല്‍, വിദ്യാഭ്യാസ മന്ത്രി, ഷാഡോ മന്ത്രിമാര്‍ എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ച് ഈ പ്രതിഷേധ ഉദ്യമത്തില്‍ പങ്കുചേരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.