പുതിയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്; അരുണാചലില്‍ നിന്ന് ഗുജറാത്തിലേക്ക്

പുതിയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്;  അരുണാചലില്‍ നിന്ന് ഗുജറാത്തിലേക്ക്

റായ്പൂര്‍: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പുതിയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനാണ് ഇത്തരമൊരു നിര്‍ദേശം വന്നത്.

അരുണാചലിലെ പാസിഘട്ട് മുതല്‍ ഗുജറാത്തിലെ പോര്‍ബന്തര്‍ വരെയാകും രണ്ടാം ഘട്ട യാത്ര. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം യാത്രയ്ക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

വ്യത്യസ്ഥമായ രീതിയിലായിരിക്കും രണ്ടാം ഘട്ട യാത്രയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പൂര്‍ണമായും പദയാത്രയാകില്ല. ഭാരത് ജോഡോ യാത്രയുടെ അത്ര ദൈര്‍ഘ്യമോ, സന്നാഹങ്ങളോ പുതിയ യാത്രയ്ക്ക് ഉണ്ടാകില്ലെന്നും യാത്രികരുടെ എണ്ണത്തിലും കുറവ് വന്നേക്കുമെന്നാണ് ജയ്റാം രമേശ് പറയുന്നത്. തിരഞ്ഞെടുപ്പുകള്‍ പരിഗണിച്ച് ഈ വര്‍ഷം ജൂണിലോ നവംബറിന് മുന്‍പായോ യാത്ര നടക്കുമെന്നും അദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ത്യാഗത്തിന്റെ പാര്‍ട്ടിയാണെന്നും ത്യാഗവും പ്രവര്‍ത്തനവും തുടരണമെന്നും രാഹുല്‍ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ വിയര്‍പ്പും രക്തവും ഉപയോഗിച്ച് ഒരു പരിപാടി ഉണ്ടാക്കിയാല്‍ രാജ്യം മുഴുവന്‍ നമ്മോടൊപ്പം അണിചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയ രംഗത്ത് നിന്ന് വിരമിക്കുന്നില്ലെന്ന് പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ പറഞ്ഞു. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിക്കുന്നതായി ശനിയാഴ്ച ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സോണിയ ഗാന്ധി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ അല്‍ക്ക ലാംബ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.