കറുപ്പണിഞ്ഞ് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍; സഭയില്‍ പ്രതിപക്ഷ- ഭരണ പക്ഷ പോര്: നടപടികള്‍ നിര്‍ത്തിവച്ചു

കറുപ്പണിഞ്ഞ് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍; സഭയില്‍ പ്രതിപക്ഷ- ഭരണ പക്ഷ പോര്: നടപടികള്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: നികുതി വര്‍ധനവ് വിഷയത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷ- ഭരണ പക്ഷ വാക്‌പോര്. കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്.

ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്. എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി ഇന്ന് നോട്ടീസ് നല്‍കിയിരുന്നു.

പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാലും സഭാ ടിവി പ്രതിഷേധം സംപ്രേക്ഷണം ചെയ്യാതിരുന്നതിനാലും ഇതൊന്നും പൊതുജനങ്ങള്‍ക്ക് കാണാനാവില്ല.

പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നിയമസഭയില്‍ മാധ്യമ ക്യാമറകള്‍ക്ക് ഇന്നും വിലക്ക് തുടര്‍ന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവി കാണിച്ചതുമില്ല. ചോദ്യോത്തരവേളയിലടക്കം ഇന്ന് പ്രതിപക്ഷം പ്ലക്കാഡുയര്‍ത്തി പ്രതിഷേധിച്ചിരുന്നു.

ഇതിനിടെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ധനസെസിനെ ന്യായീകരിച്ചും സഭയില്‍ മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തില്‍ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസാണ് കാരണം പറയുന്നത്.

കേന്ദ്രസര്‍ക്കാര്‍ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കിടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചതായി അധ്യക്ഷന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.