വിദ്യാഭ്യാസം നിര്‍ത്തലാക്കാൻ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കുന്നു: ഗുരുതര ആരോപണവുമായി ഇറാന്‍ മന്ത്രി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

വിദ്യാഭ്യാസം നിര്‍ത്തലാക്കാൻ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കുന്നു: ഗുരുതര ആരോപണവുമായി ഇറാന്‍ മന്ത്രി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ടെഹ്‌റാൻ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ തെക്കൻ ടെഹ്റാനിലെ ക്വാമിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കുന്നെന്ന് ആരോപണം. കുട്ടികൾ ആശുപത്രിയിൽ ചികിൽസയിലാണെന്ന് ഇറാനിയൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനെസ് പാനാഹി വ്യക്തമാക്കി. സംഭവത്തിൽ ഇറാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

പെണ്‍കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ വിഷബാധയാണ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു. നവംബര്‍ അവസാനം മുതല്‍ ഇത്തരത്തില്‍ നൂറു കണക്കിന് കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

വിഷം നൽകിയത് ആസൂത്രിതമാണെന്നും പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാനുള്ള ചിലരുടെ നീക്കമാണിതെന്നും പാനാഹി ആരോപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേകിച്ച് പെൺകുട്ടികൾക്കുള്ള സ്കൂളുകൾ അടച്ചു പൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അതാണ് ഈ കൂട്ട വിഷബാധ വ്യക്തമാക്കുന്നത്.

ക്വാമിലെ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റതോടെ, സ്കൂളുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ചിലരില്‍ നിന്ന് ഉയര്‍ന്നിരുന്നുവെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളും ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു. അതേസമയം വിഷബാധയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാനിയൻ വാർത്ത ഏജൻസിയായ ഐ.ആർ.എൻ. എ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കള്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍ച്ചയായി വിഷബാധയേല്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ അന്വേഷണത്തിന് പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടസേരി ഉത്തരവിട്ടിരുന്നു.

ഡിസംബറില്‍ വസ്ത്രധാരണ നിയമം ലംഘിച്ചതിന് മഹ്സ അമിനി എന്ന 22 കാരി ഇറാന്‍ മോറല്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാനില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.