മെസി മികച്ച താരം, മാര്‍ട്ടിനസ് ഗോള്‍കീപ്പര്‍, അലക്സിയ വനിതാ താരം, സ്‌കലോണി പരിശീലകന്‍; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മെസി മികച്ച താരം, മാര്‍ട്ടിനസ് ഗോള്‍കീപ്പര്‍, അലക്സിയ  വനിതാ താരം, സ്‌കലോണി പരിശീലകന്‍; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പാരീസ്: അത്തറിന്റെ മണമുള്ള മണ്ണിൽ ഫുട്ബോളിന്റെ അതിസുന്ദര നിമിഷങ്ങൾ ആരാധകർക്ക് സമ്മാനിച്ച അർജന്റീന ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ആട്ടിമറികൾക്ക് വിദൂര സാധ്യത പോലുമില്ലാതെ ഇതിഹാസ താരം ലയണല്‍ മെസിക്ക്‌ തന്നെയാണ് ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം. 

മികച്ച ഗോള്‍കീപ്പറായി ലോകകപ്പ് ഫൈനലിലെ വിജയ ശിൽപ്പി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസും മികച്ച പരിശീലകനായി അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയും പുരസ്‌കാരം സ്വന്തമാക്കി. ഖത്തർ മണ്ണിൽ കനക കിരീടം ചൂടിക്കാൻ കട്ടക്ക് നിന്ന അര്‍ജന്റീനിയന്‍ ആരാധകര്‍ക്കാണ് മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം.

ഏഴുവട്ടം ബാലണ്‍ ദ്യോര്‍ നേടിയിട്ടുള്ള മെസിയുടെ രണ്ടാം 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരമാണിത്. 2019 ലും ഫിഫയുടെ മികച്ച കളിക്കാരനായി മെസി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, കരിം ബെന്‍സേമ എന്നിവരാണ് മെസിക്കൊപ്പം 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരത്തിന് അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്. ഇത്തവണത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാര ജേതാവ് കൂടിയാണ് ഫ്രാൻസിന്റെ ബെന്‍സേമ. പക്ഷെ പരിക്ക് മൂലം താരത്തിന് ഖത്തർ ലോകകപ്പ് നഷ്ടമായിരുന്നു. 

മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു.

2016 മുതലാണ് 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് മികച്ച താരമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.