സാൻ സാൽവദോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പുതുതായി നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ജയിലിലേക്ക് തടവുകാരെ മാറ്റിത്തുടങ്ങി. ആദ്യഘട്ടമായി 2,000 തടവുകാരെയാണ് വെള്ളിയാഴ്ചയോടെ തടവറയിലേക്ക് എത്തിച്ചത്.
ഇത് തടവുകാരുടെ പുതിയ വീടായിരിക്കും, അവിടെ തടവുകാരുടെ എണ്ണം കൂടുന്നത് ദോഷമായി മാറില്ലെന്ന് പ്രസിഡന്റ് നയിബ് ബുകെലെ ട്വിറ്ററിൽ കുറിച്ചു. തടവുകാരെ ജയിലിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുകെലെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തല മൊട്ടയടിച്ച് വെളുത്ത ഷോർട്ട്‌സ് ധരിച്ച തടവുകാർ പുതിയ ജയിലിലൂടെ സെല്ലുകളിലേക്ക് ഓടുന്നത് കാണാം.
എൽ സാൽവഡോറിലെ ടെകോളൂക്കയിലെ പുതിയ ടെററിസം കൺഫൈൻമെന്റ് സെന്ററില്‍ 40,000 തടവുകാരെ വരെ പാർപ്പിക്കാം. ഘട്ടംഘട്ടമായി മറ്റു ജയിലുകളിൽ നിന്ന് തടവുകാരെ ഇവിടേക്ക് മാറ്റാനാണ് സർക്കാർ തീരുമാനം.
166 ഹെക്ടറിലാണ് (410 ഏക്കർ) പുതിയ ജയില്‍ സ്ഥിതി ചെയ്യുന്നത്. 600 സൈനികരും 250 പൊലീസുകാരുമടങ്ങിയ ഉദ്യോഗസ്ഥരുടെ കാവൽ ഇവിടെയുണ്ട്. മൊബൈൽ ഫോൺ ആശയവിനിമയം തടയാൻ ജാമർ സ്ഥപിച്ചിട്ടുണ്ട്. നേരത്തെ ഇസ്താംബുൾ ആസ്ഥാനമായുള്ള സിലിവ്രി പെനിറ്റൻഷ്യറിക്കായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ജയിൽ എന്ന പദവി.
കുറ്റവാളികളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ എൽ സാൽവദോറിലെ ജയിലുകൾ നിറഞ്ഞുകവിഞ്ഞിരുന്നു. ഇതേ തുടർന്നാണ് എൽ സാൽവദോറിൽ അറസ്റ്റ് ചെയ്തവരെ പുതിയ ജയിലിലേക്ക് മാറ്റുന്നത്.10,000 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ലാ എസ്‌പെരാൻസയിൽ 33,000 തടവുകാരെയാണ് നിലവിൽ പാർപ്പിച്ചിരുന്നത്.
കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് നയിബ് ബുകെലെ പ്രഖ്യാപിച്ച ഗുണ്ടാവിരുദ്ധ നടപടികളുടെ ഭാഗമായി തടവുകാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി.ഏഴു മാസത്തിനിടെ പൊലീസും സൈന്യവും അറസ്റ്റ് ചെയ്തത് 64,000 ത്തിലധികം പേരെയാണ്.
പുതിയ സാഹചര്യത്തിൽ ഭരണകൂടത്തിന് പ്രതികളെന്ന് സംശയിക്കുന്നവരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം, സ്വകാര്യ ആശയവിനിമയങ്ങൾ സർക്കാരിന് പരിശോധിക്കാം, കൂടാതെ തടവുകാർക്ക് അഭിഭാഷകനാകാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു.
പോലീസ് കസ്റ്റഡിയിൽ മരിച്ച ഡസൻ കണക്കിന് ആളുകൾ ഉൾപ്പെടെ നിരപരാധികൾ ഈ നയത്തിൽ കുടുങ്ങിയിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ വാദിക്കുന്നു. മാത്രമല്ല നിറഞ്ഞു കവിഞ്ഞ അവസ്ഥ ജയിലുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അത് പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെയാണ് വലിയ ജയിൽ നിർമിക്കാൻ തീരുമാനിച്ചത്.
മയക്കുമരുന്ന് കടത്ത്, ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം എന്നിവ കാരണം പൊറുതിമുട്ടിയിരുന്ന രാജ്യമായിരുന്നു എൽ സാൽവദോർ. പ്രസിഡന്റിന്റെ ഗുണ്ടാവിരുദ്ധ ക്യാമ്പയിനിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. എല്ലാ കുറ്റവാളികളെയും പിടികൂടുന്നതുവരെ സർക്കാർ നടപടികൾ തുടരുമെന്ന് രാജ്യത്തിന്റെ സുരക്ഷാ മന്ത്രി വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.