മെല്‍ബണ്‍: ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്തമായി പ്രാര്‍ത്ഥനയും ഉപവാസവും നടത്തി. യുദ്ധം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഉക്രെയ്നില്‍ സമാധാനം പുലരുന്നതിനു വേണ്ടിയായിരുന്നു പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. ഉക്രെയ്ന്‍ കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രലിലായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍.
ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷ്യാനിയ എന്നിവിടങ്ങളില്‍നിന്നുള്ള വൈദികരും വിശ്വാസികളും ഈ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഉക്രെയ്ന്‍ ബിഷപ്പ് മൈക്കോള ബൈചോക്ക് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി, സിറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, മെല്‍ബണ്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് ഹഗ്ഗിന്‍സ്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ബിഷപ്പ് എവ്‌മെനിയോസ് വാസിലോപൗലോസ്, ബല്ലാരത്ത് ബിഷപ്പ് പോള്‍ ബേര്‍ഡ്, സാന്‍ഡ്ഹര്‍സ്റ്റ് ബിഷപ്പ് ഷെയ്ന്‍ മക്കിന്‍ലെ, സാലെ ബിഷപ് ഗ്രിഗറി ബെന്നറ്റ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി ബിഷപ്പുമാരും വൈദികരും ഡീക്കന്മാരും വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു.
'2022 ഫെബ്രുവരി 24 എല്ലാ ഉക്രെയ്ന്‍കാരുടെയും ലോകത്തെയും മാറ്റിമറിച്ച ദിവസമാണെന്ന് പ്രഭാഷണത്തിനിടെ ബിഷപ്പ് ബൈചോക്ക് പറഞ്ഞു. ഉക്രെയ്‌നില്‍ തുടരുന്ന ഭയാനകമായ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികമാണിത്. ഇത് ആഘോഷിക്കാനുള്ള വാര്‍ഷികമല്ല, ഭാവി തലമുറകള്‍ക്ക് ഓര്‍ക്കാനുള്ളതാണ് ഈ യുദ്ധം.
ബിഷപ്പ് മൈക്കോള ബൈചോക്കിന്റെ പ്രഭാഷണത്തില്‍നിന്ന്...
'രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ യുദ്ധമാണ് ആധുനിക ലോകം യൂറോപ്പിന്റെ ഹൃദയഭാഗത്ത് നേരിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബുച്ച, ഇര്‍പിന്‍, ബോറോഡിയങ്ക, മരിയൂപോള്‍, ഇസിയം, ഖാര്‍കിവ്, ഖേഴ്‌സണ്‍ തുടങ്ങിയ ഉക്രെയ്ന്‍ നഗരങ്ങള്‍ ലോകത്ത് ചര്‍ച്ചാവിഷയമായി. ഉക്രെയ്‌നിലെ നിരപരാധികളായ പൗരന്മാരോട് റഷ്യ കാണിക്കുന്ന സമാനതകളില്ലാത്ത ക്രൂരത നിമിത്തം.
'നിരവധി ചോദ്യങ്ങളാണ് ഉക്രെയ്ന്‍ ജനത നമുക്കു മുന്നില്‍ ഉയര്‍ത്തുന്നത്. മറ്റൊരു രാജ്യത്തിന് നമ്മുടെ ആളുകളെ സ്വതന്ത്രമായി കൊല്ലാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? നീതി എവിടെയാണ്? നിരപരാധികളായ കുട്ടികളെ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്? ഈ യുദ്ധത്തില്‍ ദൈവം എവിടെയാണ്?' - ബിഷപ്പ് ബൈചോക്ക് തുടര്‍ന്നു.
ഇതിനുള്ള ഉത്തരങ്ങള്‍ നമുക്ക് ബൈബിളില്‍ കണ്ടെത്താനാകും. പഴയ നിയമത്തിലെ ക്ഷമയുടെയും വിശ്വസ്തതയുടെയും ഉദാഹരണങ്ങളിലൂടെ. ഇയ്യോബ് എന്ന വ്യക്തിയെ ഇീ അവസരത്തില്‍ ഓര്‍ക്കാം. ക്ഷമാശീലനായ ദൈവത്തിന്റെ മാതൃകയാണ് അദ്ദേഹം. യുദ്ധസമയത്ത് ഉക്രെയ്ന്‍ ജനത അനുഭവിക്കുന്ന വേദനയോടും ക്ഷമയോടും വളരെ സാമ്യമുള്ളതാണ് അദ്ദേഹത്തിന്റെ ക്ഷമ. എത്ര കഷ്ടതയിലും അവന്‍ ദൈവത്തോട് വിശ്വസ്തനായി തുടര്‍ന്നു.
'ദുരിതങ്ങള്‍ക്കിടയില്‍, നിങ്ങള്‍ക്ക് ദൈവത്തെ കണ്ടെത്താന്‍ ആഗ്രഹമുണ്ടെങ്കില്‍, കഷ്ടത എവിടെയാണെന്ന് കണ്ടെത്തുക. ദൈവം നമ്മോടു കൂടെ കഷ്ടത അനുഭവിക്കുന്നു. അതുകൊണ്ട് സ്വര്‍ഗത്തിലേക്ക് നോക്കി മുഷ്ടി കുലുക്കരുത്. മണ്ണിലേക്കും പൊടിയിലേക്കും നോക്കൂ. അവിടെ നിങ്ങളുടെ കൈകള്‍ കുഴിച്ചിടുക. എന്തെന്നാല്‍ അവിടെയാണ് ദൈവം, എല്ലാറ്റിനും നടുവില്‍ അവിടുന്ന് നമ്മോടു കൂടെയുണ്ട്.
വൈകിട്ട് സെന്‍ട്രല്‍ മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറില്‍ മെഴുകുതിരികള്‍ കത്തിച്ച് ജാഗരണ പ്രാര്‍ത്ഥനയും നടത്തി. ഫെഡറേഷന്‍ സ്‌ക്വയര്‍, റോയല്‍ എക്‌സിബിഷന്‍ ബില്‍ഡിംഗ്, മെല്‍ബണ്‍ ടൗണ്‍ ഹാള്‍, വിക്ടോറിയ നാഷണല്‍ ഗാലറി എന്നിവയുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഉക്രെയ്‌ന് ആഭിമുഖ്യം പ്രകടിപ്പിച്ച് ആ രാജ്യത്തിന്റെ പതാകയുടെ നിറമായ മഞ്ഞയും നീലയും ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.