വത്തിക്കാന്‍ സിറ്റി: 'യേശു പിശാചുമായി ഒരിക്കലും സംവാദത്തില്‍ ഏര്‍പ്പെടുന്നില്ല, അവനുമായി തര്‍ക്കത്തിനോ ചര്‍ച്ചയ്‌ക്കോ ശ്രമിക്കുന്നില്ല. പകരം അവിടുന്ന് പിശാചിനെ നേരിടുന്നത് ദൈവവചനം കൊണ്ടാണ്. നമുക്കും അതൊരു ക്ഷണമാണ്'... ഞായറാഴ്ച്ച വത്തിക്കാന്‍ സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ഈ വാക്കുകള്‍ നോമ്പ് കാലത്തെ ആത്മീയ പോരാട്ടങ്ങളിലേക്കു വെളിച്ചം വീശുന്നതായിരുന്നു. പിശാചിന്റെ പ്രലോഭനങ്ങളെ ദൈവവചനം കൊണ്ട് പരാജയപ്പെടുത്താനും അതുവഴി ദൈവവുമായുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും ആഹ്വാനം ചെയ്യുന്നതായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം.
നോമ്പിലെ ആദ്യ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിച്ച മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങളാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. അതായത്, യേശു മരുഭൂമിയില്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന സംഭവം വിവരിക്കുന്ന സുവിശേഷഭാഗമായിരുന്നു അത്. ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളെ യേശു എങ്ങനെ പരാജയപ്പെടുത്തുന്നുവെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുന്നു.
പിശാച് എന്ന വാക്കിനര്‍ത്ഥം 'വിഭജിക്കുന്നവന്‍' എന്നാണ്. പിശാച് എപ്പോഴും പിളര്‍പ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു, യേശുവിനെ പ്രലോഭിപ്പിക്കുന്നതിലൂടെയും അവന്‍ ഉദ്ദേശിക്കുന്നത് ഇതുതന്നെയാണ്.
പിശാച് ആരില്‍ നിന്നാണ് യേശുവിനെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്? പിതാവുമായുള്ള ഐക്യത്തില്‍ നിന്ന് യേശുവിനെ വേര്‍പെടുത്താനാണ് പിശാച് ശ്രമിക്കുന്നത്. അതിനുള്ള സാഹചര്യം പിശാച് എങ്ങനെയാണ് ഒരുക്കുന്നതെന്ന് പാപ്പ വിശദീകരിക്കുന്നു.
യോഹന്നാനില്‍ നിന്ന് സ്‌നാനം സ്വീകരിച്ച ശേഷം യേശുവിനെ, പിതാവ് 'എന്റെ പ്രിയ പുത്രന്‍' എന്ന് വിശേഷിപ്പിക്കുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ യേശുവിന്റെ മേല്‍ ഇറങ്ങുകയും ചെയ്തു. സ്‌നേഹത്താല്‍ ഒന്നായിരിക്കുന്ന മൂന്ന് ദൈവിക വ്യക്തികളെയാണ് സുവിശേഷം നമ്മുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ സ്‌നേഹത്തിന്റെ ഐക്യത്തില്‍ നമ്മെയും പങ്കുചേര്‍ക്കാനാണ് യേശു ഈ ലോകത്തിലേക്കു വന്നത്. എന്നാല്‍ പിശാച് ഈ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. യേശുവിനെ പിതാവില്‍ നിന്ന് വേര്‍പെടുത്താനും ഐക്യത്തില്‍ നമ്മെ പങ്കുചേര്‍ക്കുക എന്ന ദൗത്യത്തില്‍ നിന്ന് അവിടുത്തെ പിന്തിരിപ്പിക്കാനും പിശാച് ശ്രമിക്കുന്നു.
നാല്‍പതു ദിവസത്തെ ഉപവാസത്തിനു ശേഷം വിശപ്പനുഭവിക്കുന്ന, ക്ഷീണിതനായ യേശുവിന്റെ അവസ്ഥ മുതലെടുക്കാന്‍ പിശാച് ആഗ്രഹിക്കുന്നു. അവന്‍ യേശുവിനെ തളര്‍ത്തുന്നതിനായി മൂന്ന് 'വിഷങ്ങള്‍' കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നു. ഈ വിഷങ്ങള്‍ ആസക്തി, അവിശ്വാസം, അധികാരം എന്നിവയാണ്. മനുഷ്യമനസുകളിലും പിശാച് ഈ വിഷങ്ങള്‍ പ്രയോഗിക്കുന്നു.
ഭൗതികവസ്തുക്കളോടുള്ള ആസക്തി, അവിശ്വാസം, അധികാരത്തിനായുള്ള ദാഹം എന്നിവ പിശാച് നമ്മെ പിതാവില്‍ നിന്ന് വേര്‍പെടുത്താനും സഹോദരങ്ങളാണെന്ന ചിന്ത പുലര്‍ത്താതിരിക്കാനും നമ്മെ ഏകാന്തതയിലേക്കും നിരാശയിലേക്കും നയിക്കാനും ഉപയോഗിക്കുന്ന വ്യാപകവും അപകടകരവുമായ മൂന്ന് പ്രലോഭനങ്ങളാണ്. ഇതാണ് അവന്‍ യേശുവിനോട് ചെയ്യാന്‍ ആഗ്രഹിച്ചത്, ഇതുതന്നെയാണ് അവന്‍ നമ്മോടും ചെയ്യാന്‍ ആഗ്രഹിക്കുന്നത്, നമ്മെ നിരാശയിലേക്ക് തള്ളിയിടുക.
'എന്നാല്‍ യേശു പ്രലോഭനങ്ങളെ ജയിക്കുന്നു. അവിടുന്ന് പ്രലോഭനങ്ങളെയും പിശാചിനെയും തകര്‍ത്തതും അതിജീവിച്ചതും ദൈവവചനം ഉപയോഗിച്ചുകൊണ്ടും പിശാചിനോടുള്ള തര്‍ക്കം ഒഴിവാക്കിക്കൊണ്ടുമാണ്. തിരുവെഴുത്തുകള്‍ ഉപയോഗിച്ച് സാത്താന്റെ പ്രേരണകളെ തള്ളിക്കളയുന്നു. പിശാചുമായി ചര്‍ച്ച നടത്തി അവനെ പരാജയപ്പെടുത്തുക സാധ്യമല്ല, അവന്‍ നമ്മെക്കാള്‍ ശക്തനാണ്. വിശ്വാസത്തോടെ ദൈവിക വചനം ഉപയോഗിച്ച് പിശാചിനെ പരാജയപ്പെടുത്താം. ഇപ്രകാരം ദൈവവുമായുള്ള ഐക്യത്തെ തകര്‍ക്കുന്ന പിശാചിന്റെ ആക്രമണങ്ങളില്‍ നിന്ന് നമ്മെത്തന്നെ സംരക്ഷിക്കാന്‍ യേശു നമ്മെ പഠിപ്പിക്കുന്നു. പിശാചിന്റെ പ്രലോഭനത്തോടുള്ള യേശുവിന്റെ ഉത്തരം ദൈവവചനം മാത്രമാകുന്നു.
ഉപസംഹാരമായി, ദൈവവചനം നമ്മുടെ സ്വന്തം ജീവിതത്തെ എങ്ങനെ നയിക്കുന്നുവെന്നും അത് നമ്മുടെ ആത്മീയ പോരാട്ടങ്ങളില്‍ എങ്ങനെ സഹായിക്കുന്നുവെന്നും ചിന്തിക്കാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. എനിക്കുണ്ടാകുന്ന പ്രലോഭനങ്ങളോടു പ്രതികരിക്കാന്‍ ഒരു ദൈവവചന വാക്യം ഞാന്‍ കരുതി വയ്ക്കാറുണ്ടോ? പിന്നീട് അതേ പ്രലോഭനം ഉണ്ടാകുമ്പോള്‍ വീണ്ടും അതേ വചനം വായിച്ച്, ക്രിസ്തുവിന്റെ കൃപയില്‍ വിശ്വസിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.
പ്രലോഭനങ്ങളെ അതിജീവിക്കാന്‍ അവിടുന്ന് നമ്മെ സഹായിക്കും, നമ്മുടെ ഉള്ളില്‍ ദൈവവചനത്തിന്റെ ശബ്ദം മുഴങ്ങും. ദൈവവചനം സ്വീകരിക്കുകയും പിശാചിനെ വിനയം കൊണ്ട് കീഴടക്കുകയും ചെയ്ത മറിയം ഈ നോമ്പുകാലത്തിലെ ആത്മീയ പോരാട്ടത്തില്‍ നമ്മെ സഹായിക്കട്ടെ എന്നും മാര്‍പ്പാപ്പ പ്രാര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.