ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ 52 മണിക്കൂര്‍; കൊന്ത ചൊല്ലി മാതാവിനെ വിളിച്ച യുവാവിന് അത്ഭുത രക്ഷപ്പെടല്‍

ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ 52 മണിക്കൂര്‍; കൊന്ത ചൊല്ലി മാതാവിനെ വിളിച്ച യുവാവിന് അത്ഭുത രക്ഷപ്പെടല്‍

അങ്കാറ: തുര്‍ക്കിയില്‍ അന്‍പതിനായിരത്തിലധികം പേരുടെ ജീവനെടുത്ത ശക്തമായ ഭൂകമ്പത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ് നന്ദി പറയുന്നത് പരിശുദ്ധ അമ്മയോടാണ്. ലെബനന്‍ കത്തോലിക്കനും രണ്ട് കുട്ടികളുടെ പിതാവുമായ ബാസല്‍ ഹബ്കൂക്കാണ് 52 മണിക്കൂറോളം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ചെലവഴിച്ച ശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയത്.

ഫെബ്രുവരി ആറിനാണ് തുര്‍ക്കിയിലും സമീപ രാജ്യമായ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 50,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്ത വിനാശകരമായ ഭൂകമ്പത്തില്‍നിന്നാണ് ഹബ്കൂക്കിന്റെ അതിജീവനം.

ഭൂകമ്പമുണ്ടായപ്പോള്‍ ഹബ്കൂക്ക് തന്റെ സുഹൃത്തിനൊപ്പം വീടിനു പുറത്തായിരുന്നു. എന്നാല്‍ കെട്ടടത്തിന്റെ അവശിഷ്ടങ്ങള്‍ നിലംപതിച്ചതിനെ തുടര്‍ന്ന് ഇരുവരും അതിനടിയില്‍പെട്ടു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍കിടന്ന് സുഹൃത്ത് തന്നോട് സംസാരിച്ചതായി ഹബ്കൂക്ക് അനുസ്മരിച്ചു. 'അവന്‍ എന്റെ സഹായം അഭ്യര്‍ത്ഥിച്ചു, പക്ഷേ എനിക്ക് നിരങ്ങി നീങ്ങാനോ സഹായിക്കാനോ കഴിഞ്ഞില്ല. ഏകദേശം ആറ് മണിക്കൂറിന് ശേഷം അവന്റെ ശബ്ദം നിലച്ചു. നിര്‍ഭാഗ്യവശാല്‍ സുഹൃത്ത് മരണപ്പെട്ടു'. തുടര്‍ന്ന് ഒറ്റയ്ക്കായിരുന്നു ഹബ്കൂക്കിന്റെ അതിജീവനം.

'ഞാന്‍ 52 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്നു, ഏകദേശം രണ്ടു മീറ്റര്‍ നീളവും 40 സെന്റീമീറ്റര്‍ വീതിയുമുള്ള ഒരു ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തണുത്ത വായു എവിടെ നിന്നോ പ്രവഹിക്കുന്നുണ്ടായിരുന്നു. എനിക്ക് വിശപ്പും ദാഹവും തോന്നിയില്ല, എങ്കിലും കൈവശം കുറച്ച് ഭക്ഷണം ഉണ്ടായിരുന്നു.'

രണ്ടാം ദിവസം വൈകുന്നേരം രക്ഷാപ്രവര്‍ത്തകര്‍ തന്നെ ബന്ധപ്പെട്ടതാണ് ഏറ്റവും പ്രയാസകരമായ നിമിഷമായി ഹബ്കൂക്ക് കാണുന്നത്.

'ഒരു മീറ്ററോളം നീളമുള്ള പ്ലാസ്റ്റിക് പൈപ്പ് കണ്ടെത്തി, അത് ഉപയോഗിച്ച് എനിക്ക് ചുറ്റുമുള്ള അവശിഷ്ടങ്ങളില്‍ ഇടിച്ച് ശബ്ദമുണ്ടാക്കി എവിടെയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കി' ഹബ്കൂക്ക് പറഞ്ഞു. എന്നാല്‍ സ്ഥാനം അറിഞ്ഞ ശേഷം, രക്ഷാപ്രവര്‍ത്തര്‍ തനിക്ക് തൊട്ടരികില്‍ നിന്ന് മറ്റൊരാളെ രക്ഷിച്ചു.

അടുത്ത ദിവസം പുലര്‍ച്ചെ വരെ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മറ്റൊരാളെ കൂടി രക്ഷിച്ച് അവര്‍ പോയി. താന്‍ ഒരു തുര്‍ക്കി പൗരനല്ലാത്തതിനാല്‍ അവര്‍ തന്നെ രക്ഷിക്കില്ലെന്ന് ഹബ്കൂക്ക് ഭയപ്പെട്ടു.


ബാസല്‍ ഹബ്കൂക്ക് മക്കള്‍ക്കൊപ്പം

ഭൂകമ്പത്തിന്റെ ആദ്യ നിമിഷങ്ങളെക്കുറിച്ച് ഹബ്കൂക്ക് വിവരിച്ചു: 'അവശിഷ്ടങ്ങള്‍ എന്റെ മേല്‍ വീണപ്പോള്‍, ഞാന്‍ നിലത്തുവീണു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിലവിളിച്ചു: 'മാതാവേ'. ഭൂകമ്പം നിലയ്ക്കുന്നത് വരെ 40 സെക്കന്‍ഡ് ഞാന്‍ കന്യാമറിയത്തെ വിളിക്കുന്നത് തുടര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്ന് കൊന്ത ചൊല്ലി. കന്യാമറിയം എന്നെ ഉപേക്ഷിച്ചില്ല. ദൈവം എന്നെ സംരക്ഷിച്ചു - അദ്ദേഹം തുടര്‍ന്നു.

നിരാശയെ ചെറുക്കാനുള്ള ശക്തി പ്രാര്‍ഥന തനിക്ക് നല്‍കിയെന്നും താന്‍ രക്ഷിക്കപ്പെടുമെന്ന വിശ്വാസം ശക്തിപ്പെട്ടതായും ഹബ്കൂക്ക് പറഞ്ഞു. അന്‍പത്തിരണ്ട് മണിക്കൂറിന് ശേഷം ഫെബ്രുവരി എട്ടിന് രാവിലെ ഏഴു മണിയോടെയാണ് ഹബ്കൂക്കിനെ തുര്‍ക്കി സുരക്ഷാ സംഘം രക്ഷപ്പെടുത്തിയത്.

താനും കുടുംബവും പരിശുദ്ധ കന്യകാമറിയത്തെ ആശ്രയിക്കുന്നത് ഇതാദ്യമായല്ലെന്ന് ഹബ്കൂക്ക് പറഞ്ഞു. കുട്ടിക്കാലം മുതല്‍, എന്റെ ഗ്രാമമായ മഗ്ദൂഷെയുടെ പാരമ്പര്യമനുസരിച്ചാണ് ഞാന്‍ വളര്‍ന്നത്. കത്തോലിക്ക അവധി ദിനങ്ങളുടെ (ക്രിസ്മസ്, ഈസ്റ്റര്‍, കന്യാമറിയത്തിന്റെ തിരുനാള്‍ മുതലായവ) പ്രാധാന്യത്തെക്കുറിച്ച് ആ നാട് എന്നെ പഠിപ്പിച്ചു. 'ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു, ഞാന്‍ ജീവിതത്തില്‍ അമ്മയായ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം തേടിയിട്ടുണ്ട്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.