വീണ്ടും ധൂർത്ത്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ കരാര്‍ കാലാവധി നീട്ടി; പ്രതിമാസം നൽകുന്നത് 6.64 ലക്ഷം രൂപ

വീണ്ടും ധൂർത്ത്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ കരാര്‍ കാലാവധി നീട്ടി; പ്രതിമാസം നൽകുന്നത് 6.64 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കരാര്‍ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി. നവംബറിൽ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിന്റെ കാലാവധിയാണ് സര്‍ക്കാര്‍ നീട്ടി നൽകിയത്. ഇവർക്ക് ശമ്പള ഇനത്തിൽ മാത്രം 6,64,490 രൂപ പ്രതിമാസം ചിലവാക്കി വരുന്നത് ഇനിയും തുടരും.

ഇൻഫര്‍മേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ പേജുകൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ലക്ഷങ്ങൾ ചെലവിട്ടുള്ള കരാര്‍ നിയമനം.

സോഷ്യൽ മീഡിയ സംഘത്തെ നയിക്കുന്ന കരാര്‍ ജീവനക്കാരന് 75,000, കണ്ടന്റ് മാനേജര്‍ക്ക് 70,000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 65,000 രൂപ, സോഷ്യൽ മീഡിയ കോര്‍ഡിനേറ്റര്‍ക്കും സ്ട്രാറ്റജിസ്റ്റിനും 65,000 രൂപ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ സംഘത്തിന്‍റെ പ്രതിമാസ വേതനം. 

22,290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റിനാണ് സംഘാംഗങ്ങളിലെ ഏറ്റവും കുറവ് ശമ്പളം. ഇതിൽ നാല് പേരിൽ നിന്ന് 44,420 രൂപയാണ് ആദായനികുതി ഇനത്തിൽ മാത്രം നൽകുന്നത്. ഡെലിവെറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്‍റ് ഡെവലപ്പര്‍, കണ്ടന്‍റ് അഗ്രഗേറ്റര്‍, ഡേറ്റാ റിപോസിറ്ററി മാനേജര്‍ എന്നിങ്ങനെയുമുണ്ട് തസ്തികകൾ. 

മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിപാലിക്കുന്നതിനാണ് ടീമിന്റെ ദൗത്യം. സര്‍ക്കാര്‍ വെബ്സൈറ്റിന്‍റെ രൂപീകരണവും തപാൽ സെര്‍വറിന്‍റെ മെയിന്‍റനൻസും എന്ന ശീര്‍ഷകത്തിലാണ് ശമ്പള വിതരണം. ഒന്നാം പിണറായി വിജയൻ സര്‍ക്കാരിൽ ഒമ്പത് പേരാണ് സോഷ്യൽ മീഡിയ സംഘത്തിലുണ്ടായിരുന്നത്. 

2022 നവംബര്‍ മെയ് 16 മുതൽ ആറുമാസത്തേക്കായിരുന്നു ആദ്യ നിയമനം. നവംബര്‍ 15നും കരാര്‍ അവസാനിച്ച സംഘത്തിനാണ് ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി പുതുക്കി നൽകിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.