പ്രതീക്ഷയുടെ വിത്തുകളാണ് ഈ പേനയില്‍; കേള്‍ക്കാതെ പോകരുത് അശ്വിന്റെ വാക്കുകള്‍- വീഡിയോ

പ്രതീക്ഷയുടെ വിത്തുകളാണ് ഈ പേനയില്‍; കേള്‍ക്കാതെ പോകരുത് അശ്വിന്റെ വാക്കുകള്‍- വീഡിയോ

 പേന ഉപയോഗിക്കുന്നവരാണ് മിക്കവരും. ഭംഗിയുള്ള പേനകള്‍ നോക്കി നാം വിപണികലില്‍ നിന്നും വാങ്ങുന്നു. എന്നാല്‍ ഉപയോഗശേഷമോ... അത്തരം പ്ലാസ്റ്റിക് പേനകള്‍ പ്രകൃതിയിലേക്ക് വലിച്ചെറിയുന്നു. അവ പ്രകൃതിക്കുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പലരും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഭൂമിയില്‍ വലിച്ചെറിഞ്ഞാലും യാതൊരു ദോഷവുമില്ലാത്ത പേനയുമുണ്ട്, പേപ്പര്‍ പേനകള്‍. ഇത്തരം പേനകളെക്കുറിച്ചാണ് അശ്വിന് പറയാറുള്ളത്.

അശ്വിന്റെ കണ്ണുകള്‍ക്ക് കാഴ്ചയില്ല. പക്ഷെ ഉല്‍ക്കാഴ്ചകൊണ്ട് മറ്റുള്ളവരെ പോലും വഴിനടത്തുന്നു അശ്വിന്‍. കണ്ണുകളില്‍ ഇരുട്ടാണെങ്കിലും ആ ഇരുട്ടിന് ഈ ചെറുപ്പക്കാരന്റെ ജീവിതത്തെ തെല്ലും അലട്ടാനും സാധിച്ചിട്ടില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അശ്വിന്‍. വിവിധ മത്സര പരീക്ഷകള്‍ക്കുവേണ്ടി തയാറെടുക്കുമ്പോള്‍ ഉള്ളിലുള്ളത് ജോലി എന്ന സ്വപ്‌നം.

അശ്വിന്‍ സമൂഹമാധ്യമങ്ങളില്‍ പേപ്പര്‍ പേനകളെക്കുറിച്ച് പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. :പ്രിയപ്പെട്ടവരേ നിങ്ങള്‍ പേന ഉപയോഗിക്കാറുണ്ടല്ലോ. പ്ലാസ്റ്റിക് പേനകള്‍ക്ക് പകരം വിത്തടങ്ങിയ ഈ പേപ്പര്‍ പേനകള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ അത് പ്രകൃതിക്ക് ഗുണകരമാകും. ഒപ്പം ഞാനുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരായ കുറച്ചുപേര്‍ക്ക് വരുമാനമാര്‍ഗവും.' അശ്വിന്റെ ഈ വാക്കുകള്‍ നാം കേള്‍ക്കേണ്ടതാണ്.

ഓരോ പേപ്പര്‍ പേനകളിലും ഒരു വിത്ത് അടങ്ങിയിട്ടുണ്ട്. പേനകള്‍ മണ്ണിലേക്ക് വലിച്ചെറിയുമ്പോള്‍ ആ വിത്ത് അവിടെക്കിടന്ന് മുളയ്ക്കും. അങ്ങനെ ഭൂമിയില്‍ ഒരു മരംകൂടി ഉയരും. ഭിന്നശേഷിക്കാരായ ചിലരാണ് അശ്വിനൊപ്പം പേപ്പര്‍ പേമനകള്‍ തയാറാക്കുന്നത്. പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കായുമൊക്കെയുള്ള ചിലവുകള്‍ക്കുവേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ പേനകള്‍ വില്‍ക്കുന്നത്.

പത്ത് രൂപയാണ് ഒരു പേനയുടെ വില.ഇന്ത്യയില്‍ എവിടേയ്ക്കും ഈ പേന അയച്ചുകൊടുക്കപ്പെടും. മാത്രമല്ല ആവശ്യമെങ്കില്‍ വിദേശത്തേക്കും പേന അയച്ചു നല്‍കാമെന്നും അശ്വിന്‍ പറയുന്നു. പേനയുടെ റീഫില്‍ മാത്രമാണ് പ്ലാസ്റ്റിക് എന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.