തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തില്‍ അടിയന്തിര പ്രമേയ ചര്‍ച്ച നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമ സഭ ബഹിഷ്‌കരിച്ചു.
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമവും കോഴിക്കോട് ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയും ഉന്നയിച്ച് പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഓഫീസ് അതിക്രമത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.
എക്‌സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാര്‍ത്താ പരമ്പരയെ ആണ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
വിഷ്ണുനാഥിന്റെ വാക്കുകള്‍
എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ചത്. ലഹരിസംഘങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതില്‍ വിറളി പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ എന്തിനാണ് എസ്എഫ്‌ഐക്ക് ഇത്ര പ്രതിഷേധം.
സര്‍ക്കാരിനെതിരായ ഗൂഢാലോചന എന്നാണ് ഏഷ്യാനെറ്റിനെതിരായ എഫ്‌ഐആറില്‍ പറയുന്നത്. ലഹരി മാഫിയയ്‌ക്കെതിരായ വാര്‍ത്ത എങ്ങനെ സര്‍ക്കാരിനെതിരാകും.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടന്നു. ബിബിസി ഓഫീസില്‍ പരിശോധന നടന്നത് ഒരു ഡോക്യുമെന്ററിയുടെ പേരിലാണ്.
ബിബിസിയില്‍ നടന്ന റെയ്ഡിന് പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയില്‍ മോഡി എന്ന ഭാഗം ഒഴിവാക്കി പിണറായിയെന്നും ഇ.ഡി എന്ന ഭാഗം ഒഴിവാക്കി കേരള പൊലീസ് എന്നുമാക്കിയാല്‍ ആ നോട്ടീസ് അതേ പോലെ ഇറക്കാം.
ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ഇന്നലെ രാത്രി വാട്‌സാപ്പ് വഴി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്തുള്ള മാധ്യമപ്രവര്‍ത്തകയ്ക്ക് ഇന്നലെ രാത്രി 9.30ന് വാട്‌സാപ്പില്‍ മെസേജ് അയക്കുകയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് എത്താന്‍ ആവശ്യപ്പെട്ട്.
എസ്എഫ്‌ഐ ഭരണ പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ്. ആരാണ് എസ്എഫ്‌ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല നല്‍കിയത്. എത്ര ഭീഷണി ഉണ്ടായാലും എസ്എഫ്‌ഐ ഗുണ്ടാ പണി ചെയ്തത് എന്ന് തന്നെ പറയും.
ഏഷ്യാനെറ്റ് നേരെയുള്ള അതിക്രമം ഒരു മുന്നറിയിപ്പാണ്. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കരുത് എന്ന് എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണിത്. പഞ്ച പുച്ഛമടക്കി ഇരിക്കണം എന്നാണ് മുന്നറിയിപ്പ്. ഇപി ജയരാജന്‍ പറഞ്ഞതുപോലെ പിണറായി വിജയന്‍ ഐശ്വര്യം എന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും മുമ്പില്‍ ബോഡ് എഴുതണമെന്നാണ് അവരുടെ നിലപാട്. വിനു വി ജോണിനു എതിരെ നേരത്തെ പൊലീസ് കേസ് എടുത്തത് പരോക്ഷ പരാമര്‍ശത്തിന്റെ പേരിലാണ്.
ചര്‍ച്ചയിലെ പരോക്ഷ പരാമാശത്തിന്റെ പേരില്‍ കേസെടുത്ത കാര്യം അദ്ദേഹം അറിയുന്നത് പാസ്‌പോര്‍ട്ട് പുതുക്കാന്‍ പോയപ്പോള്‍ മാത്രമാണ്. രഹസ്യമായിട്ടാണ് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയില്‍ നടക്കുന്ന പരോക്ഷ പരാമര്‍ശത്തെ പോലും ഉള്‍ക്കൊള്ളാനാകാത്ത അസഹുഷ്ണുത നാട് അംഗീകരിക്കില്ല. അതിനെ ചെറുക്കുക തന്നെ ചെയ്യും.
ഇത് വരെ കേരളത്തില്‍ മാധ്യമ സ്ഥാപനത്തിന്റെ അകത്തു കയറി അതിക്രമം നടന്നിട്ടില്ല. 34 കൊല്ലം ബംഗാളില്‍ ചെയ്തു തന്നെയാണ് ഇപ്പോള്‍ കേരളത്തിലും ചെയ്യുന്നത്. കേരള ചരിത്രത്തില് ഇന്നേ വരെ ഒരു മാധ്യമസ്ഥാപനത്തിന് അകത്തും അതിക്രമം നടന്നിട്ടില്ല. ബംഗാള്‍ റൂട്ടിലേക്കാണ് പിണറായി വിജയന്റെ ഭരണം പോകുന്നത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.