ജപ്പാന്റെ ബഹിരാകാശ മോഹങ്ങള്‍ക്ക് തിരിച്ചടി; എച്ച് 3 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം പരാജയം

ജപ്പാന്റെ ബഹിരാകാശ മോഹങ്ങള്‍ക്ക് തിരിച്ചടി; എച്ച് 3 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം പരാജയം

ടോക്യോ: ബഹിരാകാശ രംഗത്തെ പ്രബല ശക്തിയാകാനുള്ള ജപ്പാന്റെ മോഹത്തിന് തിരിച്ചടി. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എച്ച് 3 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ജിന്‍ ജ്വലിപ്പിക്കാന്‍ കഴിയാത്തതാണ് പരാജയത്തിന് കാരണമെന്ന് ജപ്പാന്‍ എയ്റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി അറിയിച്ചു. ഇതോടെ റോക്കറ്റ് സ്വയം തകര്‍ക്കാനുള്ള കമാന്‍ഡ് നല്‍കുകയായിരുന്നു. അതേസമയം സ്വയം നശിപ്പിക്കല്‍ നിര്‍ദേശം റോക്കറ്റില്‍ എത്തിയിട്ടുണ്ടോ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് എതിരാളിയാകുമെന്ന് കരുതിയിരുന്നതാണ് എച്ച് 3 റോക്കറ്റ്. എന്നാല്‍ തകരാര്‍ കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

തനെഗാഷിമ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ ആദ്യ ഘട്ടം മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം തന്നെ നടന്നു. അതിന് ശേഷമാണ് തകരാര്‍ സംഭവിച്ചതായി മനസിലായത്. ഉടന്‍ തന്നെ കമാന്‍ഡ് സെന്ററില്‍ നിന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.

പ്രശസ്ത ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് 63 മീറ്റര്‍ നീളമുള്ള എച്ച് 3 റോക്കറ്റ് നിര്‍മിച്ചത്. ഒരു ദശകത്തിലേറെ മിത്സുബിഷി, എച്ച് 3യുടെ നിര്‍മാണത്തിനായി ചെലവഴിച്ചിരുന്നു. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ ദൗത്യം പരാജയപ്പെട്ടു.

ഫെബ്രുവരി 17നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സങ്കേതിക തകരാര്‍ മൂലം ഇത് മാറ്റിവെയ്ക്കുകയായിരുന്നു. വിക്ഷേപണം പരാജയപ്പെട്ട വിവരം പുറത്തുവന്നതോടെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ 3.2 ശതമാനം ഇടിവാണ് സംഭവിച്ചത്.

മിസൈല്‍ വിക്ഷേപണങ്ങള്‍ നിരീക്ഷിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത സെന്‍സര്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന DAICHI-3 ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു എച്ച് 3യുടെ പ്രഥമ ദൗത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.