തിരുവനന്തപുരം: എ, ഐ ഗ്രൂപ്പുകളുടെ നിസഹകരണത്തെ തുടർന്ന് ഡിസിസി, ബ്ലോക്ക് പുനസംഘടന കുഴഞ്ഞു മറിഞ്ഞതോടെ അടിയന്തര നേതൃ യോഗം വിളിച്ച് കെ.പി.സി.സി. കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗമാണ് ഇന്ന് രാവിലെ പത്തരയ്ക്ക് ചേരുന്നത്. തർക്കങ്ങൾ അവസാനിപ്പിച്ച് ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകൾ അടിയന്തരമായി കൈമാറാൻ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഡി.സി.സികൾക്ക് നിർദേശം നൽകി.
എന്നാൽ ഭൂരിപക്ഷം ജില്ലകളിലും പട്ടികയ്ക്ക് ഏകദേശ രൂപം പോലും ആയില്ല. ഗ്രൂപ്പുകളുടെ എതിർപ്പിനൊപ്പം ഡി.സി.സി കമ്മിറ്റികളിലെ മുക്കാൽ പങ്ക് ഭാരവാഹികളെയും മാറ്റേണ്ടി വരുന്നതുമാണ് പ്രതിസന്ധി. അതിനാൽ ഏകപക്ഷീയമായി പുതിയ പട്ടിക തയാറാക്കാൻ ജില്ലാ നേതൃത്വങ്ങൾ മടിക്കുന്നു. ഏകപക്ഷീയമായ ഒരു നീക്കത്തെയും അനുകൂലിക്കില്ലെന്ന് എ, ഐ ഗ്രൂപ്പുകൾ നേരത്തെ തന്നെ നിലപാട് അറിയിച്ചു കഴിഞ്ഞു.
പുനസംഘടനാ സമിതികൾ നൽകുന്ന പട്ടിക പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന തല സമിതി വേണമെന്നും അതിൽ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്നും ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡി.സി.സികളിലും ബ്ലോക്ക്, മണ്ഡലങ്ങളിലും പുതിയ കമ്മിറ്റി വന്നേ തീരൂവെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം.
ഡി.സി.സി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതാണ് പുനസംഘടനയുടെ ഇപ്പോഴത്തെ ഘട്ടം. അർഹരായവരെ കണ്ടെത്താൻ ഓരോ ജില്ലയിലും പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു ഭാരവാഹിസ്ഥാനത്തേക്ക് ഒരു പേര് നിർദേശിക്കുന്നവിധത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കാനാണ് സമിതിയോട് നിർദേശിച്ചത്.
സമിതി ജില്ലകളിൽ യോഗം ചേരുന്നതിന് മുമ്പുതന്നെ മാനദണ്ഡങ്ങളിൽ മാറ്റം വന്നു. കിട്ടുന്ന പേരുമുഴുവൻ കെ.പി.സി.സിക്ക് കൈമാറിയാൽ മതിയെന്നും നിർദേശമുണ്ടായി. സമിതി നോക്കുകുത്തിയായെന്ന വിമർശനം വന്നതോടെ പ്രവർത്തനം മരവിച്ച അവസ്ഥയിലാണ്.
കെ.പി.സി.സി അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിലും തർക്കമുണ്ടായി. 60 അംഗങ്ങളുടെ പട്ടികയാണ് പ്ലീനറി സമ്മേളനത്തിൽ പ്രഖ്യാപിക്കാനായി കൈമാറിയത്. ഇത് കേരളത്തിൽ ചർച്ചചെയ്യാതെ തയ്യാറാക്കിയ പട്ടികയാണെന്ന ആരോപണവുമായി എ, ഐ ഗ്രൂപ്പ് നേതാക്കൾ രംഗത്തുവന്നു. ഇതോടെ പ്ലീനറിയിൽ പ്രഖ്യാപിച്ചില്ല.
ആ പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ സംബന്ധിച്ച് തീരുമാനമാകുന്നതുവരെ പുനസംഘടനയിലും സഹകരണം വേണ്ടതില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഈ സങ്കീർണമായ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.