ബിഷപ്പ് അല്‍വാരസിനെ മോചിപ്പിക്കാന്‍ നിക്കരാഗ്വ ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ; തടവുകാര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

ബിഷപ്പ് അല്‍വാരസിനെ മോചിപ്പിക്കാന്‍ നിക്കരാഗ്വ ഭരണകൂടത്തോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ; തടവുകാര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം

മനാഗ്വേ: ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും തടങ്കലില്‍നിന്നു മോചിപ്പിക്കാന്‍ നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ.

'ബിഷപ്പ് അല്‍വാരസ് ഉള്‍പ്പെടെ, തടങ്കലില്‍ കഴിയുന്ന 37 പേരെ നിരുപാധികമായി മോചിപ്പിക്കാന്‍ നിക്കരാഗ്വന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യുഎന്നിന്റെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടു. അവരുടെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങള്‍ അജ്ഞാതമാണ്. തടവിലാക്കപ്പെട്ടവരുടെ പൗരത്വവും മറ്റ് സിവില്‍, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നും ഡാനിയല്‍ ഒര്‍ട്ടേഗ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഫെബ്രുവരി പത്തിനാണ് മതഗല്‍പ്പ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ 26 വര്‍ഷവും 4 മാസവും തടവിന് ശിക്ഷിച്ചത്.

222 രാഷ്ട്രീയത്തടവുകാരെ അമേരിക്കയിലേക്കു നാടുകടത്തിയ ഭരണകൂടം ഒരു ദിവസത്തിനു ശേഷമാണ് ബിഷപ്പ് അല്‍വാരസിനെതിരായ ശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരി ഒമ്പതിന് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തടവുകാരുടെ നിക്കരാഗ്വന്‍ പൗരത്വം എടുത്തുകളഞ്ഞിരുന്നു. നാടുകടത്തപ്പെട്ടവരുടെ കൂടെ വിമാനത്തില്‍ കയറാന്‍ ബിഷപ്പ് അല്‍വാരസ് വിസമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ തടവിലാക്കുകയായിരുന്നു.

2022 ഓഗസ്റ്റ് മുതല്‍ ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന ആളുകള്‍ക്കെതിരെ നടക്കുന്ന വിചാരണകളില്‍ മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

'അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. പ്രതികളാക്കപ്പെട്ടവര്‍ക്ക് ഇഷ്ടമുള്ള അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഇതുകൂടാതെ, ചിലര്‍ക്ക് തങ്ങള്‍ക്കെതിരായ കുറ്റത്തെക്കുറിച്ചോ അവര്‍ക്കെതിരായ ശിക്ഷകളെക്കുറിച്ചോ അറിവുണ്ടായിരിക്കില്ല, അതുകൊണ്ടുതന്നെ വിചാരണയെ പ്രതിരോധിക്കാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല - യുഎന്‍ ഓഫീസ് കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.