ന്യൂഡല്‍ഹി: കര്‍ഷകനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ....എന്ന് കേന്ദ്ര സര്‍ക്കാരിനോട് പറയാതെ പറഞ്ഞ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കും. രാജ്യ വ്യാപകമായി പ്രധാനമന്ത്രിയുടെ നരേന്ദ്ര മോഡിയുടെ കോലം കത്തിക്കും. ഡല്‍ഹിയിലെ സമരവേദിയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒട്ടും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് യോഗത്തില്‍ കര്‍ഷക സംഘടനകള്‍ കൂട്ടായെടുത്ത തീരുമാനം.
കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യത്തിന്റെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവാഴ്ച രാജ്യത്തെ എല്ലാ ദേശീയ പാത ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടന പ്രതിനിധിയായ ഹരീന്ദര്‍ സിംഗ് ലഖോവല്‍ പറഞ്ഞു. കൂടുതല്‍പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലഖോവലിനെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് തവണയാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിക്കാമെന്നും വിളകള്‍ക്ക് താങ്ങുവില ഉള്‍പ്പെടെ നല്‍കുന്ന കാര്യത്തില്‍ ഉത്തരവ് കൊണ്ടുവരാമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷക പ്രതിനിധികളും തള്ളി. ഇതോടെ ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതിനിടെയാണ് കര്‍ഷകര്‍ സമരം വ്യാപിപ്പിക്കുന്നത്.
അതേസമയം, ഡല്‍ഹിയിലെ സമരം ഒമ്പതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തുകയാണ്. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. മാസങ്ങളോളം സമരം തുടരാനുള്ള തയ്യാറെടുപ്പുകളാണ് കര്‍ഷകര്‍ നടത്തുന്നത്. സമരം കൂടുതല്‍ ശക്തമായതോടെ രാജ്യ തലസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരുകളെ പോലും വരുതിയിലാക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ സംഘടിത ശക്തിക്കു മുന്നില്‍ മുട്ടു മടക്കാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.