ലണ്ടന്‍: രാജ്യത്തേയ്ക്കുള്ള അനധികൃത കുടിയേറ്റം കര്‍ശനമായി തടയുമെന്ന പുതിയ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യു.കെയില്‍ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഭയം നല്‍കില്ല. അത്തരക്കാരെ കസ്റ്റഡിയിലെടുക്കും.
അനധികൃത കുടിയേറ്റ ബില്‍ എന്ന് വിളിക്കപ്പെടുന്ന കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചാല്‍ ഇവിടെ അഭയം തേടാന്‍ കഴിയില്ല. രാജ്യത്തെ ആധുനിക അടിമത്ത സംരക്ഷണ നിയമങ്ങളില്‍ നിന്ന് പ്രയോജനം നേടാനുമാകില്ല.
കരട് നിയമപ്രകാരം യു.കെയിലെയും യൂറോപ്യന്‍ മനുഷ്യാവകാശ നിയമത്തിലെയും മറ്റ് അവകാശങ്ങളെ അട്ടിമറിച്ച് അനധികൃതമായി പ്രവേശിക്കുന്ന എല്ലാ കുടിയേറ്റക്കാരെയും നാടുകടത്താനുള്ള നിയമപരമായ ചുമതല ആഭ്യന്തര മന്ത്രി സുല്ല ബ്രാവര്‍മാന് നല്‍കും.
അനധികൃതമായി യു.കെയില്‍ എത്തുന്നവരെ കസ്റ്റഡിയിലെടുക്കുമെന്നും സുനക് വ്യക്തമാക്കി. പിന്നാലെ ആഴ്ചകള്‍ക്കുള്ളില്‍ അവരെ അവരുടെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കും. അല്ലെങ്കില്‍ റ്വാന്‍ഡ പോലുള്ള രാജ്യങ്ങളിലേയ്ക്ക് അയയ്ക്കും. അമേരിക്കയിലോ ഓസ്‌ട്രേലിയയിലോ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പിന്നീടൊരിക്കലും ബ്രിട്ടനില്‍ പ്രവേശിക്കാനാകില്ല.
അനധികൃത കുടിയേറ്റങ്ങള്‍ കാരണം അഭയ സ്ഥലങ്ങള്‍ നിറഞ്ഞു കവിയുന്നതിനാല്‍ രാജ്യത്ത് വരാന്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പോലും അതിന് കഴിയാതിരിക്കുന്നത് അനീതിയാണ്. ചെറുവള്ളങ്ങളില്‍ ഇംഗ്‌ളീഷ് ചാനല്‍ കടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഋഷി സുനക് പറഞ്ഞു. കഴിഞ്ഞവര്‍ഷം മാത്രം 45,000 ല്‍ അധികം പേരാണ് ചെറുവള്ളങ്ങളിലായി ബ്രിട്ടണിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.