സ്ത്രീകള്‍ ആര്‍ദ്രമായ ഹൃദയത്താല്‍ യാഥാര്‍ത്ഥ്യത്തെ ഗ്രഹിക്കുന്നവര്‍; അവര്‍ക്കായി കൈയടിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

സ്ത്രീകള്‍ ആര്‍ദ്രമായ ഹൃദയത്താല്‍ യാഥാര്‍ത്ഥ്യത്തെ ഗ്രഹിക്കുന്നവര്‍; അവര്‍ക്കായി കൈയടിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകളുടെ ആര്‍ദ്രമായ ഹൃദയത്തെയും കൂടുതല്‍ മാനുഷികമായ സമൂഹം നിര്‍മ്മിക്കാനുള്ള കഴിവിനെയും അഭിനന്ദിച്ച് ഫ്രാന്‍സിസ് പാപ്പ. എല്ലാ സ്ത്രീകള്‍ക്കും നാം കൈയടിക്കണമെന്നും അവര്‍ അത് അര്‍ഹിക്കുന്നുവെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തിയ പൊതു കൂടിക്കാഴ്ചാവേളയിലാണ് പാപ്പയുടെ പ്രതികരണം. സമൂഹത്തില്‍ സ്ത്രീകളുടെ നന്മയെക്കുറിച്ച് എടുത്തു പറഞ്ഞ മാര്‍പ്പാപ്പ അവര്‍ക്കായി ഹര്‍ഷാരവം മുഴക്കാന്‍ കൂടിയിരുന്നവരോട് ആവശ്യപ്പെട്ടു.

'അന്താരാഷ്ട്ര വനിതാ ദിനത്തില്‍, എല്ലാ സ്ത്രീകളെയും പ്രത്യേകമായി ഞാന്‍ സ്മരിക്കുന്നു: ക്രിയാത്മകമായ വീക്ഷണവും ആര്‍ദ്രമായ ഹൃദയവും കൊണ്ട് യാഥാര്‍ത്ഥ്യത്തെ ഗ്രഹിക്കാനുള്ള അവരുടെ കഴിവിലൂടെ നന്മ നിറഞ്ഞ മാനുഷിക സമൂഹം കെട്ടിപ്പടുക്കാനുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് ഞാന്‍ അവര്‍ക്ക് നന്ദി പറയുന്നു. ഇത് സ്ത്രീകളുടെ മാത്രമുള്ള പ്രത്യേക അവകാശമാണ്! ചത്വരത്തില്‍ സന്നിഹിതരായ എല്ലാ സ്ത്രീകളെയും ഞാന്‍ പ്രത്യേകമായി ആശീര്‍വദിക്കുന്നു. ഒപ്പം അവര്‍ക്കായി നമുക്ക് ഒന്നു ചേര്‍ന്ന് കരഘോഷം മുഴക്കാം കാരണം അവര്‍ അത് അര്‍ഹിക്കുന്നു' - ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. രോഗികളായവര്‍, വൃദ്ധര്‍, നവദമ്പതികള്‍, യുവജനങ്ങള്‍ എന്നിവരെയും പരിശുദ്ധ പിതാവ് അഭിവാദ്യം ചെയ്തു.

2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയായി സ്ഥാനമേറ്റ് പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വത്തിക്കാാനില്‍ നിരവധി സ്ത്രീകളാണ് സുപ്രധാന പദവികളില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വത്തിക്കാനില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 1,165 ആയി ഉയര്‍ന്നു. ഫ്രാന്‍സിസ് പാപ്പയുടെ കീഴില്‍ നേതൃസ്ഥാനങ്ങളിലെത്തിയ വനിതകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.

പരിശുദ്ധ സിംഹാസനത്തില്‍ അഞ്ച് സ്ത്രീകള്‍ അണ്ടര്‍ സെക്രട്ടറി റാങ്കും ഒരു ഡികാസ്റ്ററി സെക്രട്ടറി റാങ്കും വഹിക്കുന്നു. 2021-ല്‍ മാര്‍പ്പാപ്പ ആദ്യമായി ഒരു വനിതാ സെക്രട്ടറിയെ നിയമിച്ചു. ഇറ്റലിയില്‍ നിന്നുള്ള കന്യാസ്ത്രീയായ സിസ്റ്റര്‍ അലസാന്ദ്ര സ്മെറില്ലിയെയാണ് മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചത്. പരിശുദ്ധ സിംഹാസനത്തില്‍ ഒരു സ്ത്രീ വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന പദവിയാണിത്. 2022-ല്‍ ലാറ്റിനമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ സെക്രട്ടറിയായി പ്രൊഫസര്‍ എമില്‍സ് കുഡയെയും മാര്‍പ്പാപ്പ നിയമിച്ചു.

മാമോദീസ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള ഏത് കത്തോലിക്കക്കാര്‍ക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ എത്താനാകുമെന്ന് വ്യക്തമാക്കുന്ന പുതിയ അപ്പസ്തോലിക രേഖ മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ഇതോടെ നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന രീതിക്കാണ് മാര്‍പാപ്പ മാറ്റം വരുത്തിയത്. പുതിയ തീരുമാനത്തോടെ കര്‍ദിനാള്‍മാര്‍ കൈകാര്യം ചെയ്തിരുന്ന ഭരണ സംവിധാനങ്ങളിലാണ് വനിതകള്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.