'സ്വപ്‌ന പറയുന്നത് പച്ചക്കള്ളം': എം.വി ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമെന്ന് വിജേഷ് പിള്ള

'സ്വപ്‌ന പറയുന്നത് പച്ചക്കള്ളം': എം.വി ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ട പരിചയം മാത്രമെന്ന് വിജേഷ് പിള്ള

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി എന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമെന്ന് വിജേഷ് പിള്ള. താന്‍ സ്വപ്നയെ കണ്ടു എന്നത് സത്യമാണ്. എന്നാല്‍ ബിസിനസ് സംബന്ധമായ ഒരു കാര്യം ചര്‍ച്ച ചെയ്യാനാണ് അവരെ കണ്ടതെന്നാണ് വിജേഷ് പിള്ള പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിജേഷ് പറയുന്നു.

ഒടിടി പ്ലാറ്റ്‌ഫോമിലെ ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സ്വപ്നയെ കണ്ടത്. സിപിഎം എന്നല്ല ഒരു പാര്‍ട്ടിയിലും താന്‍ അംഗമല്ല. എം.വി ഗോവിന്ദന്‍ നാട്ടുകാരനാണ്. എന്നാല്‍ അദ്ദേഹത്തെ ടിവിയില്‍ മാത്രമാണ് കണ്ടുപരിചയമെന്നും വിജേഷ് പറഞ്ഞു.

സ്വപ്നയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു. എം.വി ഗോവിന്ദന്‍ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താന്‍ സംസാരിച്ചിട്ടില്ല.

ബംഗളൂരുവിലെ ഓഫീസില്‍ വന്നാണ് സ്വപ്ന കണ്ടത്. അവിടെ വച്ചാണ് തങ്ങള്‍ സംസാരിച്ചത്. ഇപ്പറഞ്ഞതിലൊന്നും ഒരു വാസ്തവവുമില്ല. സ്വപ്ന പറഞ്ഞ പാര്‍ട്ടികളെയൊന്നും തനിക്കറിയില്ല. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്ന പറയുന്ന ആളുകളെ താന്‍ കണ്ടിട്ടുള്ളു. തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ. ഭവിഷ്യത്തുകള്‍ നേരിടാന്‍ ഒരുക്കമാണെന്നും വിജേഷ് പറഞ്ഞു.

അതിനിടെ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തു. 15 മണിക്കൂറോളം ഇഡി ഇയാളെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.